| Wednesday, 16th October 2024, 9:40 am

ഖലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം; കാനഡയുടെ അന്വേഷണത്തിന് ഇന്ത്യ സഹകരിക്കുന്നില്ലെന്ന് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യ കാനഡയുമായി അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന് യു.എസ്. കാനഡ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഗൗരവമേറിയതാണെന്ന് പറഞ്ഞ യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ അന്വേഷണത്തോട് ഇന്ത്യ സഹകരിച്ച് കാണാന്‍ യു.എസ് ആഗ്രഹിക്കുന്നതായും എന്നാല്‍ അത്തരമൊരു സമീപനം ഈ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്നില്ലെന്നും പറഞ്ഞു. വൈറ്റ് ഹൗസിലെ ദൈനംദിന പത്രസമ്മേളനത്തിലായിരുന്നു മില്ലറുടെ ആരോപണം.

എന്നാല്‍ അമേരിക്കയുടെ ഈ ആരോപണത്തോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023ല്‍ നിജ്ജറിന്റെ കൊലപാതകത്തില്‍ കാനഡ ഇന്ത്യയെ പഴിചാരിയപ്പോള്‍ യു.എസ് കാനഡയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.

‘എനിക്ക് ഈ വിഷയത്തില്‍ പ്രത്യേക അഭിപ്രായമൊന്നുമില്ല. എന്നാല്‍ ഞങ്ങള്‍ നേരത്തെ പറഞ്ഞതുപോലെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കാനഡ ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കാനഡയുടെ അന്വേഷണത്തെ ഇന്ത്യ ഗൗരവമായി കാണണമെന്നും അതിനോട് സഹകരിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ മറ്റൊരു പാതയാണ് തെരഞ്ഞെടുത്തത്,’ മില്ലര്‍ വ്യക്തമാക്കി

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.

കാനഡയുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ പങ്കെടുത്തിട്ടുണ്ടെന്നതിന് തങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ഇതില്‍ ടെക്‌നോളജികള്‍ ഉപയോഗിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിക്കല്‍, ദക്ഷിണേഷ്യന്‍ കനേഡിയന്‍ വംശജരെ ലക്ഷ്യമിട്ടുള്ള മോശം പെരുമാറ്റം, കൊലപാതകം, ഭീഷണി, വധശ്രമം എന്നിവ ഉള്‍പ്പെടുന്നുവെന്നും ഇതൊന്നും അംഗീകരിക്കാനാകുന്നതല്ല എന്നുമാണ് ട്രൂഡോ ആരോപിച്ചത്.

എന്നാല്‍ കാനഡ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിരസിച്ചിരുന്നു.

2023 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ട്രൂഡോ ആദ്യമായി ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇന്ത്യ അഭ്യര്‍ത്ഥിച്ചിട്ടും കനേഡിയന്‍ സര്‍ക്കാര്‍ ഒരു തെളിവും ഇന്ത്യന്‍ സര്‍ക്കാരുമായി പങ്കുവെച്ചിരുന്നില്ല. ഇത്തവണയും തെളിവുകള്‍ ഇല്ലാതെയാണ് കാനഡ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇത് അന്വേഷണത്തിന്റെ മറവില്‍ ഒരു പ്രത്യേക ഇന്ത്യന്‍ വിഭാഗത്തിന്റെ രാഷ്ട്രീയ വോട്ടുകള്‍ നേടി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനാണെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെ  ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിരുന്നു. തുടര്‍ന്ന്‌ ഇവരെ സസ്പെന്‍ഡ് ചെയ്തതായി കാനഡയും അറിയിച്ചു.

Content Highlight: Assassination of Khalistan Leader; US says India is not cooperating with Canada’s probe

Video Stories

We use cookies to give you the best possible experience. Learn more