| Thursday, 17th October 2024, 9:28 am

ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുകളില്ലെന്ന് ജസ്റ്റിൻ ട്രൂഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ശക്തമായ തെളിവുകളില്ലെന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും രഹസ്യ വിവരങ്ങള്‍ മാത്രമാണ് പങ്കുവെച്ചതെന്നും ട്രൂഡോ പറഞ്ഞു.

നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യക്ക് നല്‍കിയത് തെളിവുകളായിരുന്നില്ല, രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളായിരുന്നുവെന്നാണ് ട്രൂഡോയുടെ വെളിപ്പെടുത്തല്‍.

ആരോപണങ്ങള്‍ നടത്തിയപ്പോള്‍ ഇന്ത്യ തെളിവുകൾ ആവശ്യപ്പെട്ടെന്നും ഈ സമയത്ത് വെളിപ്പെടുത്തിയത് തെളിവുകളായിരുന്നില്ലെന്നും രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപങ്ങളായിരുന്നെന്നും ട്രൂഡോ അവകാശപ്പെട്ടു.

അതേസമയം തെളിവുകളൊന്നും നൽകാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രം ഉന്നയിച്ച കാനഡയെ ഇന്ത്യ വിമർശിച്ചിരുന്നു.

നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് ബന്ധമുണ്ടെന്നും ഇവർക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നുമായിരുന്നു കാനഡയുടെ വാദം.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണെന്ന് കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ ആരോപണ വിധേയനായ ഹൈക്കമ്മീഷണറെ അടക്കം കാനഡയിലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിക്കുകയും ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി കാനഡ അറിയിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് നേരിട്ട് പങ്കുണ്ടെന്നും കനേഡിയന്‍ പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിരുന്നു.

എന്നാല്‍ ഈ വിഷയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രേരിത നിലപാടുകളാണെന്നുമാണ് ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യക്കെതിരായ ട്രൂഡോ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ തെളിവുകളില്ലാത്ത പക്ഷം നിലനില്‍ക്കില്ലെന്നും കൃത്യമായ തെളിവുകള്‍ കാനഡ ഹാജരാക്കണമെന്നും ഇന്ത്യ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 11ന് നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം ചർച്ചയായത്.

Content Highlight: Assassination of Khalistan Leader; Justin Trudeau says there is no evidence against India

Video Stories

We use cookies to give you the best possible experience. Learn more