ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തുടരന്വേഷണത്തിന് ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യ കാനഡയിലെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുകയും നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങളല്ല, തെളിവുകള്‍ പുറത്തുവിടണമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ തെളിവുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണറുള്‍പ്പെടെയുള്ള ആറ് നയതന്ത്ര പ്രതിനിധികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും ജസ്റ്റിന് ട്രൂഡോ ആരോപിക്കുന്നത്.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെയുള്ള തെളിവുകള്‍ കൈമാറിയിരുന്നെന്നും അത് ഇന്ത്യ നിഷേധിക്കുകയായിരുന്നെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധികളെ കാനഡ പുറത്താക്കിയതെന്നും ട്രൂഡോ അവകാശപ്പെട്ടു.
എന്നാല്‍ ഈ ഉദ്യോഗസ്ഥരെ സുരക്ഷാ കാരണങ്ങളാല്‍ തിരിച്ച് വിളിച്ചതാണെന്നും ആറ് കനേഡിയന്‍ നയതന്ത്ര പ്രതിനിധികളില്‍ ആക്ടിങ് ഹൈക്കമ്മീഷണറുള്‍പ്പെടെ ഉള്ളവരെ ഇന്ത്യ പുറത്താക്കിയതായും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് നേരിട്ട് പങ്കുണ്ടെന്നും കനേഡിയന്‍ പൊലീസ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രേരിത നിലപാടുകളാണെന്നുമാണ് ഇന്ത്യയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തെളിവുകളൊന്നും ഇല്ലാതെ ആരോപണങ്ങളുന്നയിക്കരുതെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
ഇന്ത്യക്കെതിരായ ട്രൂഡോ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ തെളിവുകളില്ലാത്ത പക്ഷം നിലനില്‍ക്കില്ലെന്നും കൃത്യമായ തെളിവുകള്‍ കാനഡ ഹാജരാക്കണമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഒക്ടോബര്‍ 11ന് നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകം ചര്‍ച്ചയാവുകയായിരുന്നു.
2023 ജൂണ്‍ 18നാണ് ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന്് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും ഇന്ത്യക്കെതിരായാണ് ട്രൂഡോ പ്രതികരിച്ചിട്ടുള്ളത്.
Content Highlight: Assassination of Khalistan Leader; Canadian Prime Minister says there is strong evidence against India