| Sunday, 29th September 2024, 9:11 pm

ഹസന്‍ നസറുല്ലയുടെ കൊലപാതകം; പിന്നില്‍ ഇറാന്‍ പൗരനായ ഇസ്രഈല്‍ ചാരനെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ലെബനനിലെ ബെയ്‌റൂട്ടില്‍ നടന്ന വ്യോമാക്രമണം ഇറാന്‍ പൗരനായ ഇസ്രഈല്‍ ചാരന്‍ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ പൗരനായ ഇസ്രഈല്‍ ചാരന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നസറുല്ല ഉണ്ടായിരുന്ന സ്ഥലത്ത് ഇസ്രഈല്‍ സൈന്യം വ്യോമാക്രമണം നടത്തിയതെന്ന് ഫ്രഞ്ച് മാധ്യമമായ പാരീസിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ബെയ്‌റൂട്ടില്‍ നസറുല്ല കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇറാനിയന്‍ സോഴ്‌സില്‍ നിന്ന് ഇസ്രഈലിന് വിവരങ്ങള്‍ ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ല തലവന്‍ നസ്‌റുല്ല ഉണ്ടായിരുന്ന കൃത്യമായ സ്ഥലത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ വെച്ച് ഉന്നത നേതാക്കളുമായി നസറുല്ല യോഗം ചേരുന്നുവെന്ന് ചാരന്‍ ഇസ്രഈലിനെ അറിയിക്കുകയായിരുന്നു.

പിന്നാലെ ഇസ്രഈല്‍ പ്രതിരോധ സേന നസറുല്ല വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഹിസ്ബുല്ലയിലെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ശനിയാഴ്ച ഇസ്രഈല്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടതായും കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ 1000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായും 6000 പേര്‍ക്ക് പരിക്കേറ്റതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകുന്നേരം ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രഈല്‍ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് പുറമെ സംഘടനയുടെ കമാന്‍ഡര്‍ അലി അക്കാരി, ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫൊറൂഷാന്‍ എന്നിവരേയും വധിച്ചതായി ഇസ്രഈല്‍ സൈന്യം അറിയിച്ചിരുന്നു.

ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചിരുന്നു. ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയിലാണ് ശനിയാഴ്ച്ച നടന്ന വ്യോമാക്രമണത്തില്‍ നേതാവ് കൊല്ലപ്പെട്ടതായി അറിയിച്ചിരുന്നത്.

Content Highlight: assassination of hassan nasrullah; it is reported that an iranian citizen is an isrelai spy behind

We use cookies to give you the best possible experience. Learn more