ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ദല്‍ഹിയിലേക്ക് മടങ്ങുമ്പോള്‍ തന്റെ കാറിന് നേരെ വെടിവെപ്പുണ്ടായതായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കാറിന്റെ ടയറുകള്‍ പഞ്ചറായാന്നും ഉവൈസി പറഞ്ഞു.
ട്വിറ്ററിലൂടെയാണ് തന്റെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായതായി ഉവൈസി പറഞ്ഞത്.
‘ഞങ്ങള്‍ എല്ലാവരും സുരക്ഷിതരാണ്. അല്‍ഹംദുലിലാഹ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ദല്‍ഹിക്ക് സമീപമുള്ള ടോള്‍ പ്ലാസയിലാണ് സംഭവമുണ്ടായതെന്നും വെടിയുതിര്‍ത്തവര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘മീററ്റിലെ കിത്തൗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഞാന്‍ ദല്‍ഹിയിലേക്ക് പോകുകയായിരുന്നു. ഛജാര്‍സി ടോള്‍ പ്ലാസയ്ക്ക് സമീപം രണ്ട് പേര്‍ എന്റെ വാഹനത്തിന് നേരെ വെടിവെച്ചു. വെടിവെപ്പില്‍ കാറിന്റെ ടയറുകള്‍ പഞ്ചറായി. പിന്നീട് ഞാന്‍ മറ്റൊരു വാഹനത്തില്‍ കയറുകയായിരുന്നു,’ ഉവൈസി ട്വീറ്റ് ചെയ്തു.
कुछ देर पहले छिजारसी टोल गेट पर मेरी गाड़ी पर गोलियाँ चलाई गयी। 4 राउंड फ़ायर हुए। 3-4 लोग थे, सब के सब भाग गए और हथियार वहीं छोड़ गए। मेरी गाड़ी पंक्चर हो गयी, लेकिन मैं दूसरी गाड़ी में बैठ कर वहाँ से निकल गया। हम सब महफ़ूज़ हैं। अलहमदु’लिलाह। pic.twitter.com/Q55qJbYRih
ടോള്‍ പ്ലാസയില്‍ നിന്ന് ഒവൈസി ട്വീറ്റ് ചെയ്ത ദൃശ്യങ്ങളില്‍ അദ്ദേഹത്തിന്റെ വെള്ള നിറത്തിലുള്ള എസ്.യു.വിയില്‍ രണ്ട് ബുള്ളറ്റുകള്‍ തറച്ചുകയറിയ പാടുണ്ട്. മൂന്നാമത്തെ ബുള്ളറ്റ് ടയറില്‍ തട്ടിയെന്നാണ് സൂചന.
ഫെബ്രുവരി 10ന് ആരംഭിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ഉവൈസി മീററ്റില്‍ എത്തിയത്.
403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Content Highlights: Assassination attempt on Azaduddin Owaisi in Uttar Pradesh