ന്യൂദല്‍ഹി: അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണ ക്ഷേത്രത്തിന് ഉള്ളില്‍ വെച്ച് ഇയാള്‍ക്ക് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു.
ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തില്‍വെച്ചാണ് സുഖ് ബീര്‍ സിഘ് ബാദലിന് നേരെ അക്രമമുണ്ടാവുന്നത്. രണ്ട് തവണയാണ് അക്രമി വെടിയുതിര്‍ത്തത്. സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തിനടുത്തുവച്ചായിരുന്നു ആക്രമണം.
സുവര്‍ണ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരികില്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്ന സുഖ്ബീര്‍ സിങിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ ഉടന്‍ തന്നെ സുഖ്ബീര്‍ സിങിന്റെ ഒപ്പമുണ്ടായിരുന്നവര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.
സുഖ് ബീര്‍ സിങ് ബാദല്‍ സുവര്‍ണക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ ഒരു വ്യക്തി വെടിവെക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നാരായണ്‍ സിങ് എന്നയാളാണ് വെടിവെച്ചതെന്നാണ് പ്രാഥമിക വിവരം.
പ്രതിയെ പൊലീസും സുവര്‍ണക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2007- 2017 കാലങ്ങളില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മതത്തോട് കാണിച്ച അപമര്യാദകളെയും വീഴ്ചകളെയും തുടര്‍ന്ന് അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. കഴുത്തില്‍ പ്ലക്കാര്‍ഡ്, കൈയില്‍ കുന്തം, സുവര്‍ണ ക്ഷേത്ര കവാടത്തില്‍ കാവല്‍ എന്നിവ പാലിക്കണമെന്നായിരുന്നു ശിക്ഷ.
ഈ ശിക്ഷ പാലിക്കുന്നതിന് വേണ്ടി സുഖ്ബീര്‍ സിങ് ഇന്ന് സുവര്‍ണ ക്ഷേത്ര കവാടത്തിന് മുന്നില്‍ വീല്‍ ചെയറില്‍ ഇരിക്കുമ്പോഴാണ് ആക്രമണം ഉണ്ടാവുന്നത്.
ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ചതടക്കമുള്ള കുറ്റങ്ങള്‍ക്കും ഇയാള്‍ക്കെതിരെ മതശിക്ഷ പ്രഖ്യാപിച്ചിരുന്നു.
സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിന് പിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
Content Highlight: Assassination attempt on Akali Dal leader Sukhbir Singh at Suvarna Temple