| Wednesday, 7th April 2021, 2:11 pm

മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കിലെഴുതി; അസം എഴുത്തുകാരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അസം എഴുത്തുകാരിയെ അറസ്റ്റ് ചെയ്ത് ഗുവാഹത്തി പൊലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയെ അറസ്റ്റ് ചെയ്തത്. ഉമി ദേക്ക ബറുവ, കങ്കണ ഗോസ്വാമി എന്നിവര്‍ നല്‍കിയ പരാതിയിലാണ് എഴുത്തുകാരിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ദിസ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിഖ ശര്‍മക്കെതിരെ ഐ.പി.സി സെക്ഷന്‍ 294(എ), 124 (എ), 500, 506 എന്നിവ പ്രകാരമാണ് കേസെടുത്തത്.

ശമ്പളമുള്ള പ്രൊഫഷണലുകളെ രക്തസാക്ഷി എന്ന് വിളിക്കരുത് എന്നായിരുന്നു ശിഖ ശര്‍മയുടെ പോസ്റ്റ്.

‘ശമ്പളമുള്ള പ്രൊഫഷണല്‍സ് അവരുടെ സേവനത്തിനിടയില്‍ മരിക്കുമ്പോള്‍ രക്തസാക്ഷി എന്ന് വിളിക്കേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കില്‍, വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുമ്പോഴും രക്തസാക്ഷികളായി മാറും. മാധ്യമങ്ങള്‍ ജനങ്ങളെ വെറുതെ സെന്റിമെന്റല്‍ ആക്കരുത്,’ ശിഖ ഫേസ്ബുക്കിലെഴുതി.

അറസ്റ്റ് ചെയ്ത ശിഖയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഗുവാഹത്തി സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Assam writer Sikha Sarma arrested on sedition charges on her Facebook post

We use cookies to give you the best possible experience. Learn more