പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട നോട്ടീസിന് പിന്നാലെ 10 കൊല്ലം മുമ്പ് മകന്‍ ആത്മഹത്യ ചെയ്തു; 80 കാരിയായ അമ്മയ്ക്ക് പുതിയ നോട്ടീസയച്ച് ഫോറിനേഴ്‌സ് ട്രൈബൂണല്‍
ദിസ്പൂര്‍:പൗരത്വം തെളിയിക്കാന്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അസമിലെ കച്ചാര്‍ ജില്ലയിലെ അര്‍ജുന്‍ നാമശൂദ്രയുടെ അമ്മയോട് ഇന്ത്യന്‍ പൗരയാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് ട്രൈബൂണലിന്റെ നോട്ടീസ്.
എണ്‍പതുകാരിയായ അകോല്‍ റാണി നാമശൂദ്രയ്ക്കാണ് പുതിയ നോട്ടീസ് ലഭിച്ചത്.
പൗരത്വം സംബന്ധിച്ച അന്വേഷണത്തിനിടെ പൗരത്വം തെളിയിക്കാന്‍ സാധുവായ രേഖകളൊന്നും അകോല്‍ റാണി പൊലീസിന് മുമ്പില്‍ ഹാജരാക്കിയിട്ടില്ലെന്നും ഈ കാരണത്താല്‍ അവര്‍ ഒരു അനധികൃത കുടിയേറ്റക്കാരിയാണെന്ന് സംശയിക്കുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
അര്‍ജുന്‍ നാമശൂദ്രയുടെ വിഷയം ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റെടുത്തിരുന്നു. 2014 ലെ മോദി നടത്തിയ പ്രസംഗത്തിലും അര്‍ജുന്റെ ആത്മഹത്യയെക്കുറിച്ച് പറഞ്ഞിരുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്രമോദി കച്ചാര്‍ സന്ദര്‍ശിക്കുകയും തന്റെ പ്രസംഗത്തില്‍ അര്‍ജുന്‍ നാമശൂദ്രയുടെ പേര് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
”അര്‍ജുന്‍ നാമശൂദ്ര എന്റെ സഹോദരനാണ്, അദ്ദേഹത്തിന്റെ മരണത്തില്‍ ഞാന്‍ വേദനിക്കുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഒരു അര്‍ജുനും തടങ്കല്‍പ്പാളയത്തിലേക്ക് തള്ളപ്പെടില്ലെന്നും ആരും ഭയന്ന് ജീവിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യേണ്ടതില്ലെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.,” എന്നായിരുന്നു മോദി പറഞ്ഞത്.
അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഒരു തരത്തിലുമുള്ള സഹായവും അര്‍ജുന്റെ കുടുംബത്തിന് ലഭിച്ചിരുന്നില്ല.
വരുന്ന ഏപ്രില്‍ നാലിന് ട്രൈബൂണലിന് മുന്നില്‍ ഹാജരാവാനാണ് അകോല്‍ റാണിയോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Contente Highlights: Assam woman who lost her son over citizenship asked to prove she’s Indian