| Tuesday, 30th December 2014, 12:41 am

അസം ആക്രമണം: അഞ്ച് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് ബോഡോ ത്രീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തു. ബോഡോ തീവ്രവാദികള്‍ അസമില്‍ അഴിച്ചു വിട്ട ആക്രമണങ്ങളില്‍ 83 പേരാണ് കൊല്ലപ്പെട്ടത്. കൊക്രജര്‍ ജില്ലയിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. സോണിത്പൂരില്‍ വച്ചാണ് കഴിഞ്ഞ രാത്രി രണ്ടുപേര്‍ കൂടി പിടിയിലാവുന്നത്.

പശ്ചിമബംഗാളിലേക്ക് കടക്കാന്‍ ശമിക്കവെ കൊക്രജറിലെ ശ്രിരാംപൂര്‍ അതിര്‍ത്തിയില്‍ വച്ചാണ് മൂന്ന് പേര്‍ പിടിയിലാകുന്നതെന്ന് ബോഡോലാന്റ് ടെറിട്ടോറിയല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എല്‍.ആര്‍ ബിഷ്‌നോയ് പറഞ്ഞു.

ബോഡോ സായുധസേനാംഗം റാഡിപ് നര്‍സാരി (25) സഹായികളായ ബനഡിക്ട് ബസുമതാരി, റഹിദാസ് നര്‍സാരി എന്നിവരാണ് പിടിക്കപ്പെട്ടത്. സോണിത് പൂരില്‍ ശുക്ലെ ബസുമാതാരി, അരുണ്‍ നര്‍സാരി എന്നീ രണ്ട് സഹായികളാണ് പിടിക്കപ്പെട്ടത്.

എട്ടുപേരാണ് ബറ്റാച്ചിപൂരില്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് ചോദ്യം ചെയ്യവെ ശുക്ലെ ബസുമാതാരി പറഞ്ഞു. ആക്രമണത്തില്‍ പങ്കെടുത്ത മറ്റു രണ്ടാളുകളുടെ പേരുകളും ഇയാള്‍ പറഞ്ഞിട്ടുണ്ടെന്ന് സോണിത്പൂര്‍ എസ്.പി സഞ്ജുക്ത പര്‍സാര്‍ പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ആക്രമികള്‍ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസമിലെ  സോണിത്പൂര്‍, കൊക്രജര്‍ ജില്ലകളിലെ ആദിവാസി മേഖലകളിലാണ്  ഡിസംബര്‍ 23ന് ബോഡോ തീവ്രവാദികള്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണങ്ങളില്‍ 83 പേരാണ് കൊല്ലപ്പെട്ടത്. ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more