ഗുവാഹത്തി: കൊക്രജാര്‍ കലാപ ബാധിത പ്രദേശത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 300 കോടിരൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന് പുറമേ ഈ പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപകൂടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കലാപ ബാധിത പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.[]
കലാപത്തെ “അംഗീകരിക്കാന്‍ കഴിയാത്തത്” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തിനേറ്റ കളങ്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കലാപത്തെ തുടര്‍ന്ന് വീടും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തും. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. ഇതിനായി ഇന്ദിരാ ആവാസ് യോജന പദ്ധതി വിഹിതമായി 100 കോടി രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ നല്‍കും. പൂര്‍ണമായി വീട് തകര്‍ന്നവര്‍ക്ക് അറ്റകുറ്റപ്പണിക്കായി 30,000 രൂപയും നിസാര കേടുപാടുകളുണ്ടായവര്‍ക്ക് 20,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സ്ഥലത്തെ സ്ഥിതി സാധാരണ നിലയിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്രവും പ്രവര്‍ത്തിക്കും. കലാപകാരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് രാവിലെയാണ് കലാപ ബാധിത പ്രദേശം സന്ദര്‍ശിച്ചത്. രാവിലെ ദല്‍ഹിയില്‍ നിന്നും പുറപ്പെട്ട പ്രധാനമന്ത്രിയുടെ കോപ്റ്റര്‍ കാലാവസ്ഥ മോശമായതിനെത്തുര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തില്‍ ഇറക്കിയെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു.