| Thursday, 26th July 2012, 9:22 am

ആസാംകലാപം: മരണം നാല്‍പ്പത് കഴിഞ്ഞു, രണ്ടുലക്ഷം പേര്‍ നാടുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ആസാമിലെ കൊക്രജാര്‍, ചിരാഗ് ജില്ലകളില്‍ തുടരുന്ന കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പത് കവിഞ്ഞു. ന്യൂനപക്ഷകുടിയേറ്റക്കാരും ബോഡോ ഗോത്രവര്‍ഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേരാണ് ഇന്നലെ  മരിച്ചത്. രണ്ടുലക്ഷത്തോളം പേര്‍ വീടുപേക്ഷിച്ച് നാടുവിട്ടതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. അക്രമികള്‍ ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു.[]

അക്രമം അമര്‍ച്ചചെയ്യുന്നതിനായി 13,000 സൈനികരെക്കൂടി ഇന്ന് ആസാമിലേക്ക് അയക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും സേനയെ അയയ്ക്കാമെന്നും  മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാരെ കസ്റ്റഡിയിലെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി  ആര്‍. കെ സിങ് നിര്‍ദ്ദേശം നല്‍കി.

അക്രമം ഭയന്ന് ഒട്ടേറെ കുടിയേറ്റക്കാര്‍ പശ്ചിമബംഗാളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ തുറന്ന 125 ദുരിതാശ്വാസ കേന്ദ്രങ്ങളിലും ആയിരക്കണക്കിനാളുകള്‍ അഭയം തേടിയിട്ടുണ്ട്. കലാപത്തെ തുടര്‍ന്ന് ഗുവാഹത്തിയില്‍ നിന്നും ട്രെയിനുകളൊന്നും പുറപ്പെടുന്നില്ല. തീവണ്ടി സര്‍വീസുകള്‍ നിലച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലോടെയാണ് ഏതാനും വണ്ടികള്‍ കനത്തസുരക്ഷയില്‍ സര്‍വീസ്‌ നടത്തുന്നത്.

ആക്രമണപ്രദേശങ്ങളിലെല്ലാം സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ട കൊക്രജാറില്‍ നിന്നും ഇന്നലെ രാത്രി രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനമായ ഗുവാഹത്തിയില്‍ ഇന്ന്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഉന്നതതലയോഗം ചേരും.

ജൂലായ് ആദ്യവാരം ആസാമില്‍ രണ്ടുകുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും രണ്ടുകുടിയേറ്റക്കാര്‍കൂടി കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്.  കൊക്രജാര്‍, ചിരാംഗ്, ധുബ്രി, ബൊങ്കായിഗാവ് ജില്ലകളെയാണ് സംഘര്‍ഷം കാര്യമായി ബാധിച്ചത്.

We use cookies to give you the best possible experience. Learn more