ആസാം കലാപം: മരണം 58 ആയി
India
ആസാം കലാപം: മരണം 58 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th July 2012, 1:31 pm

കൊക്രജാര്‍: ആസാം കലാപത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. സംഭവസ്ഥലത്തുനിന്നും പതിനാല് മൃതദേഹങ്ങള്‍ കൂടി അധികൃതര്‍ കണ്ടെടുത്തു. ചിരാഗില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ വൈകുന്നേരം നാല് മണിവരെയാക്കി ചുരുക്കി. []

അതേസമയം, അക്രമം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. കലാപം അഞ്ചാം ദിവസം പിന്നിട്ടിട്ടും പ്രശ്‌നത്തിന്റെ തീവ്രത മനസിലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി 10 അംഗ കോഡിനേഷന്‍ കമ്മിറ്റിക്ക് പാര്‍ട്ടി രൂപം നല്‍കി.

കലാപം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ അസമില്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗോഗോയിയെ നീക്കണമെന്നാവശ്യപ്പെട്ട് റഹ്മാന്‍ ഖാനെപ്പോലുള്ള കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

കലാപം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് അസമില്‍ നിന്നുള്ള   മുസ്‌ലീം എം.പിമാര്‍ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ കണ്ടു. അസമില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുസ്‌ലീം എം.പിമാരും സംഘത്തിലുണ്ടായിരുന്നു.

അസമിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ മുസ്‌ലീംകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് എം.പിയും മുന്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ കെ. റഹ്മാന്‍ ഖാന്‍ പറഞ്ഞു.

അതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ പ്രശ്‌നബാധിതപ്രദേശം സന്ദര്‍ശിക്കും.

ആസാമില്‍ ബോഡോ ഗോത്രവര്‍ഗക്കാരും മുസ്‌ലീംകളും തമ്മില്‍ കഴിഞ്ഞ ആറ് ദിവസമായി സംഘര്‍ഷം തുടരുകയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.