ഗുവാഹത്തി: മുസ്‌ലിങ്ങളുടെ വിവാഹ-വിവാഹ മോചന നിയമം റദ്ദാക്കി അസം സര്‍ക്കാര്‍. വെള്ളിയാഴ്ച നടന്ന മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് തീരുമാനം.
ഫെബ്രുവരി 28വരെ നടക്കുന്ന അസം നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ് നിയമസഭ ബില്‍ പാസാക്കിയതിന് പിന്നാലെ അസമിലും നിയമ നിര്‍മാണം നടത്താന്‍ പദ്ധതിയിടുന്നതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു.
1935ലെ അസം വിവാഹ-വിവാഹ രജിസ്‌ട്രേഷന് കീഴില്‍ ഇനി ഒന്നും രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രിസഭ യോഗം അറിയിച്ചു. വിവാഹവും വിവാഹ മോചനവും ഇനിമുതല്‍ സ്‌പെഷ്യല്‍ മാരേജ് ആക്റ്റിന്റെ കീഴിലായിരിക്കും വരിക. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ചുവടുവെപ്പാണിതെന്ന് മന്ത്രി ജയന്ത മല്ലബറുവ പറഞ്ഞു.
ഏക സിവില്‍ കോഡും ബഹുഭാര്യത്വ വിരുദ്ധ ബില്ലുകളും നടപ്പാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഫെബ്രുവരി 12ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. ‘രാജ്യത്ത് ഇന്ന് ഒരു ഏകീകൃത നയം ആവശ്യമാണ്. അതില്‍ കേന്ദ്ര നേതാക്കളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തും’, ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ആഴ്ചകള്‍ക്ക് മുമ്പാണ് ഏക സിവില്‍ കോഡ് നിയമം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പാസാക്കിയത്. ഇതോടെ രാജ്യത്ത് ഏകസിവില്‍ കോഡ് ബിൽ പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള അസമിന്റെ ആദ്യത്തെ ചുവടുവെപ്പാണ് മുസ്‌ലിം വിവാഹ- വിവാഹ മോചന നിയമം റദ്ദാക്കിയ നടപടി.
Contant Highlight: Assam To Repeal Muslim Marriage Act In Big Push For Uniform Civil Code