അസമില്‍ 30 വിദ്യാര്‍ത്ഥികളുടെ മുടി വെട്ടിമാറ്റി അധ്യാപിക; സംഭവം സ്‌കൂള്‍ അസംബ്ലിക്കിടെ
India
അസമില്‍ 30 വിദ്യാര്‍ത്ഥികളുടെ മുടി വെട്ടിമാറ്റി അധ്യാപിക; സംഭവം സ്‌കൂള്‍ അസംബ്ലിക്കിടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th May 2023, 2:18 pm

ഗുവാഹത്തി: അസമിലെ മജുലി ജില്ലയില്‍ സ്‌കൂള്‍ അസംബ്ലിക്കിടെ വിദ്യാര്‍ത്ഥികളുടെ മുടി വെട്ടി അധ്യാപിക. 30 വിദ്യാര്‍ത്ഥികളുടെ മുടിവെട്ടിയതായാണ് പരാതി. സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു.

സ്‌കൂള്‍ മാര്‍ഗരേഖ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് മുടി നീട്ടിവളര്‍ത്താന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ കുട്ടികള്‍ മുടി നീട്ടിവളര്‍ത്തിയതായി സ്‌കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

‘കുട്ടികള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. രക്ഷിതാക്കളെയും വിവരമറിയിച്ചിരുന്നു. എന്നാല്‍ ഒന്നും ഉണ്ടായില്ല. ഇത് അനുസരണ പഠിപ്പിക്കുന്നതിനുള്ള ഒരു രീതി മാത്രമാണ്,’ സ്‌കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കാവേരി ബി.ശര്‍മ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപിക മുടിയുടെ നീളം കുറക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും മുടി വെട്ടിമാറ്റിയിട്ടില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.

സ്‌കൂള്‍ അധികൃതരുടെ ഉത്തരവ് അനുസരിക്കുകയാണ് ചെയ്തതെന്ന് സ്‌കൂള്‍ അധ്യാപിക നിക്കി പറഞ്ഞു. സംഭവത്തിന് ശേഷം സ്‌കൂളിലേക്ക് വരാന്‍ കുട്ടികള്‍ വിസമ്മതിക്കുന്നതായി രക്ഷിതാക്കള്‍ പറയുന്നു.

സംഭവത്തിന് ശേഷം മകന്‍ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നതെന്നും അപമാനം കാരണം സ്‌കൂളിലേക്ക് പോകാന്‍ വിസമ്മിക്കുകയാണെന്നും ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളെ അനുസരണ പഠിപ്പിക്കാനുള്ള സ്വാതന്ത്ര്യം സ്‌കൂള്‍ അധികൃതര്‍ക്ക് ഉണ്ടെന്നും എന്നാല്‍ അതിന് ചില പരിമിതികള്‍ ഉണ്ടെന്നും രക്ഷിതാവ് പറഞ്ഞു.’കുട്ടികള്‍ വളരെ വൃത്തിയായി ഇരിക്കണമെന്നത് സത്യമാണ്. എന്നാല്‍ അസംബ്ലിയില്‍ വെച്ച് എല്ലാവരും നോക്കി നില്‍ക്കെ മുടിവെട്ടുന്നത് അപമാനകരമാണ്,’ രക്ഷിതാവ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗരേഖകളില്‍ അധ്യാപകര്‍ക്ക് സ്‌കൂളിനുള്ളില്‍ വെച്ച് മുടി വെട്ടിമാറ്റാന്‍ വ്യവസ്ഥയില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് മറ്റു വഴികളുണ്ടെന്നും യാഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

CONTENTHIGHLIGHT: assam teacher chops hair 30 students during assembly