'സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചു'; ഗുജറാത്ത് ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ദല്‍ഹിയില്‍ നടന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ കേസ്
national news
'സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചു'; ഗുജറാത്ത് ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ദല്‍ഹിയില്‍ നടന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st March 2020, 10:04 am

ഗുവാഹാത്തി: 2002 ലെ ഗുജറാത്ത് കലാപത്തിന്റെ ആവര്‍ത്തനമാണ് ദല്‍ഹിയില്‍ നടന്നതെന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെ സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റുചെയ്തു. അസാമിലെ ഗുരുചരണ്‍ കോളേജിലെ അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റിട്ടു എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് സ്വരദീപ് സെന്‍ഗുപത എന്ന അധ്യാപകനെതിരെ പൊലീസ് കേസെടുത്തത്. സെന്‍ഗുപ്തയെ നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഗുരുചരണ്‍ കോളേജിലെ ഫിസിക്‌സ് അധ്യാപകനാണ് സെന്‍ഗുപ്ത.

”അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുകയും ചെയ്ത സെന്‍ഗുപ്ത, ഹിന്ദു സമൂഹത്തിനെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി വര്‍ഗീയ അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു,” പൊലീസ് സെന്‍ഗുപ്തക്കെതിരെ എഫ്.ഐ.ആറില്‍ ആരോപിക്കുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വടക്ക് -കിഴക്കന്‍ ദല്‍ഹിയില്‍ നടക്കുന്നത് ഗുജറാത്ത് ആവര്‍ത്തിക്കാനുള്ള ശ്രമമമാണെന്നും ചില വിഭാങ്ങള്‍ സംഭവത്തിന് പിന്നിലുണ്ടെന്നുമാണ് സെന്‍ഗുപ്ത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റിനെതിര വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ സെന്‍ഗുപ്ത പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഒരു മതവിഭാഗത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ പോസ്റ്റിട്ടതെന്നും സെന്‍ഗുപ്ത പറഞ്ഞു.

അതേസമയം, 40 ഓളം വിദ്യാര്‍ത്ഥികള്‍ സെന്‍ഗുപ്തയുടെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. സഹായം തേടി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസ് സെന്‍ഗുപ്തയെ അറസ്റ്റ് ചെയതതായും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ