ഭക്തി പ്രസ്ഥാനത്തില്‍ 'രക്ഷതേടി' അമിത് ഷാ; യുവാക്കളെ ആയുധമെടുപ്പിക്കാതിരിക്കാന്‍ ബി.ജെ.പിയുടെ 'പുതിയ വിദ്യ'
natioanl news
ഭക്തി പ്രസ്ഥാനത്തില്‍ 'രക്ഷതേടി' അമിത് ഷാ; യുവാക്കളെ ആയുധമെടുപ്പിക്കാതിരിക്കാന്‍ ബി.ജെ.പിയുടെ 'പുതിയ വിദ്യ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 5:29 pm

ഗുവാഹത്തി: ഭക്തി പ്രസ്ഥാനത്തിലൂടെ അസമില്‍ സാമൂഹിക മാറ്റം കൊണ്ടുവരുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭക്തി പ്രസ്ഥാനം സജീവമായാല്‍ യുവാക്കളെ ആയുധമെടുക്കുന്നതില്‍ നിന്ന് തടയാമെന്നും അമിത് ഷാ അവകാശപ്പെട്ടു.

50 വര്‍ഷത്തിലേറെ പഴക്കമുള്ള സംസ്ഥാനത്തെ പരമ്പരാഗത വൈഷ്ണവ സന്യാസ മഠങ്ങളായ 8,000 ”നംഘറുകള്‍” ലേക്ക് സര്‍ക്കാര്‍ 2.5 ലക്ഷം രൂപ വീതം ധനസഹായം നല്‍കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് അമിത് ഷായുടെ പുതിയ നീക്കം.

മന്‍മോഹന്‍ സിംഗ് 18 വര്‍ഷം അസമില്‍ നിന്ന് എം.പിയായിരുന്നിട്ടും അസമിന് ലഭിക്കേണ്ട എട്ടായിരം രൂപ ഓയില്‍ റോയല്‍റ്റിയുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ബി.ജെ.പിയാണ് പ്രശ്‌നം പരിഹരിച്ചതെന്നും അമിത് ഷാ അവകാശപ്പെട്ടു. രണ്ട് ദിവസത്തെ വടക്കുകിഴക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഷാ അസമിലെത്തിയത്.

അതേസമയം, പശ്ചിമബംഗാളിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നില്‍ നില്‍ക്കുന്നത് അമിത് ഷാ തന്നെയാണ്. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണങ്ങളും ബംഗാളില്‍ നടക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

294 അംഗ നിയമസഭയില്‍ 200 സീറ്റും പിടിച്ച് മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Assam’s New Bhakti Movement Will Stamp Out Armed Movements, Says Amit Shah