| Thursday, 15th November 2012, 12:45 am

ആസാമില്‍ വീണ്ടും കലാപം; കൊക്രജാറില്‍ സ്ത്രീ വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ആസാമില്‍ വീണ്ടും കലാപം പുകയുന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആസാമില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊക്രജാറില്‍ ഇന്നലെ രണ്ടിടത്തായി ബോഡാ തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.[]

കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന ആക്രമണത്തില്‍ ഇതുവരെയായി മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ചന്ദ്രശാല ഗ്രാമത്തിലെത്തിയ ബോഡോ തീവ്രവാദികള്‍ അഞ്ച് വീടുകള്‍ക്ക് നേരെ വെടുയുതിര്‍ക്കുകയായിരുന്നു. ഇതിന് അരമണിക്കൂറിന് ശേഷം ചന്ദ്രശാലയില്‍ നിന്ന് നാല് കി.മി അകലെയുള്ള നില്‍ബാരി ഗ്രാമത്തിലും വെടിവെപ്പുണ്ടായി. ആറ് വയസ്സുകാരിയടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴി ശനിയാഴ്ച്ച മുതലാണ് എന്‍.ഡി.എഫ്.ബിയുടെ രഞ്ജന്‍ ദൈമാരിയുടെ നേതൃത്വത്തില്‍ അക്രമം ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച കൊക്രജാറില്‍ ഗോസൈഗാവ് പ്രദേശത്ത് ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.

ഫൈലാഗൂരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേയുണ്ടായ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് ഗ്രാമവാസികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു.

കഴിഞ്ഞ ദിവസം സോനിത്പൂരിലുണ്ടായ വെടിവെപ്പില്‍ ഒരു തോട്ടം മുതലാളിയും ആസാം ടീ പ്രൊഡക്ഷന്‍ ഫോഴ്‌സ് അംഗമായ സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം ബദുഗാവ് ഗ്രാമത്തിലും രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പോലീസ് കൊലയാളികള്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊക്രജാറിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ജൂലൈയിലുണ്ടായ ബോഡോകളും ന്യൂനപക്ഷ വിഭാഗക്കാരും തമ്മിലുണ്ടായ കലാപത്തില്‍ നൂറ് കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളും സ്ഥാപിച്ചിരുന്നു.

സ്ഥിതിഗതികള്‍ ഏറെക്കുറേ ശാന്തമായിരുന്നെങ്കിലും ഒറ്റപ്പെട്ട ആക്രമങ്ങള്‍ പ്രദേശത്ത് തുടര്‍ന്നിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് സ്ഥിതി ഇത്ര രൂക്ഷമാകാന്‍ കാരണം.

We use cookies to give you the best possible experience. Learn more