| Wednesday, 1st April 2020, 12:02 am

അസമില്‍ ആദ്യ കൊവിഡ്; സ്ഥിതി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂന്നാമത്തെ സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. 52 കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് അസം ആരോഗ്യമന്ത്രി ബിശ്വ ശര്‍മ്മ അറിയിച്ചു.

സില്‍ച്ചര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് രേഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗയുടെ നില നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മാര്‍ച്ച് 18നാണ് ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതെന്നാണ് വിവരം. മറ്റൊരു രോഗത്തിന്റെ ചികിത്സയ്ക്കായി ഇദ്ദേഹം ദല്‍ഹിയില്‍ പോയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നകത്.

തിങ്കളാഴ്ചമുതല്‍ രോഗി നിരീക്ഷണത്തിലായിരുന്നു. പൂനെയിലെ ലാബില്‍നിന്നും പരിശോധനാ ഫലം പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നു. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇദ്ദേഹവുമായി നേരിട്ട് ഇടപഴകിയവരെ ക്വാറെൈന്റനില്‍ പ്രവേശിപ്പിച്ചുകഴിഞ്ഞു. ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ദല്‍ഹി നിസാമുദ്ദീനില്‍ മത ചടങ്ങില്‍ പങ്കെടുത്ത അസം സ്വദേശികളുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാമ്പിളുകള്‍ പരിശോധയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഈ റിസള്‍ട്ടുകള്‍ വന്നാല്‍സ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

അസമിന് പുറമെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂരിലും മിസോറാമിലും രോഗം സ്ഥിരീകരിച്ചിരുന്നു. നാഗാലാന്റ്, മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more