ഗുവാഹത്തി: മുസ്‌ലിം വിഭാഗത്തിലെ ജനങ്ങള്‍ കൂടുതലായുള്ള മേഖലകളില്‍ ‘ പോപ്പുലേഷന്‍’ ആര്‍മിയെ വിന്യസിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. ജനസംഖ്യ നിയന്ത്രിക്കാനാണ് ഈ നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം.
ജനസംഖ്യാ നിയന്ത്രണ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നതിനും ചാര്‍ ചപ്പോരിയില്‍ ആയിരത്തോളം യുവാക്കള്‍ ഏര്‍പ്പെടുമെന്നും ബിശ്വശര്‍മ പറഞ്ഞു.
ജനന നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നല്‍കുന്നതിനും ചുമതലപ്പെടുത്തുന്ന ആശാപ്രവര്‍ത്തകരുടെ പ്രത്യേക തൊഴില്‍ സേനയെ തയ്യാറാക്കുമെന്നും ബിശ്വശര്‍മ പറഞ്ഞു.
2001 മുതല്‍ 2011 വരെ അസമിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധനവ് 10 ശതമാനമായിരുന്നെങ്കില്‍ മുസ്‌ലിങ്ങളുടെ ജനസംഖ്യാ വര്‍ധനവ് 29 ശതമാനമായിരുന്നുവെന്നാണ് ബിശ്വശര്‍മ പറയുന്നത്.
ചെറിയ ജനസംഖ്യ മാത്രമാണെങ്കിലും അസമിലെ ഹിന്ദുക്കളുടെ ജീവിതശൈലി മെച്ചപ്പെട്ടതായാണ് ബിശ്വശര്‍മ പറയുന്നത്. ഹിന്ദുക്കള്‍ക്ക് വലിയ വീടുകളും വാഹനങ്ങളും ഉണ്ടെന്നും കുട്ടികള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആകുന്നുണ്ടെന്നും ബിശ്വശര്‍മ പറയുന്നു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമാനമായ കാര്യങ്ങളാണ് ജനസംഖ്യ നിയന്ത്രണം എന്ന പേരില്‍ അസമിലെ ബി.ജെ.പി. സര്‍ക്കാരും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. യു.പിയില്‍ ജനസംഖ്യ നിയന്ത്രണത്തിന് നിര്‍ദ്ദേശിച്ച മാര്‍ഗങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ബിശ്വശര്‍മയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്.
നേരത്തെയും ബിശ്വശര്‍മ മുസ് ലിം വിരുദ്ധ നടപടികള്‍ എടുത്തിട്ടുണ്ട്.