ഗുവാഹത്തി: മിസോറാം അസം സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അസം പൊലിസിനെതിരെ ആരോപണവുമായി മിസോറാം പൊലീസ്. അസം മിസോറാമിലെ കോലാസിബ് ജില്ലയില്‍ നിന്നും അസം പൊലീസ് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്നാണ് പുതിയ ആരോപണം.
സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മിസോറാം പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മിസോറാമിലെ സോഫായ് ഏരിയയില്‍ ഒരു പാലത്തിന്റെ പണി നടക്കുന്നുണ്ട്.
വെള്ളിയാഴ്ച ഇവിടേയക്ക് അസം പൊലീസ് പ്രവേശിച്ചതോടെയാണ് മോഷണം നടന്നത് എന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്. ലാല്‍തലാങ്‌ലിയാന പറയുന്നത്.
അസം പൊലീസ് ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പാലം നിര്‍മിക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് കമ്പികള്‍ മോഷ്ടിച്ചുവെന്നും ലാല്‍തലാങ്‌ലിയാന ആരോപിച്ചു.
മിസോറാമിലെ കോലാസിബ്, ഐസ്വാള്‍, മമിത് എന്നീ ജില്ലകള്‍ അസമിലെ ബരാക് താഴ്വരയുമായി 165 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ അതിര്‍ത്തിയില്‍ അഞ്ചിലധികം സ്ഥലത്ത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്.
ജൂലൈയില്‍ നടന്ന അന്തര്‍സംസ്ഥാന പൊലീസ് ഏറ്റുമുട്ടലില്‍ 6 അസം പൊലീസുകാര്‍ കൊല്ലപ്പെടുയും ഏകദേശം 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അതിര്‍ത്തി തര്‍ക്കം രൂക്ഷമായ മേഖലകളില്‍ കേന്ദ്ര സേനയേയും വിന്യസിച്ചിരുന്നു.