|

ജിഗ്നേഷ് മേവാനിയെ കാണാന്‍ അനുവാദം നല്‍കില്ലെന്ന് അസം പൊലീസ്; കുത്തിയിരിപ്പ് സമരം നടത്തി അനുവാദം നേടി സി.പി.ഐ.എം എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ സന്ദര്‍ശിക്കാന്‍ അനുവാദം തേടിയ സി.പി.ഐ.എം അസം എം.എല്‍.എ മനോരഞ്ജന്‍ താലൂക്ദാറിന് അനുമതി നല്‍കാതെ അസം പൊലീസ്. അനുവാദം ലഭിക്കാതായതോടെ മനോരഞ്ജന് താലൂക്ദാറിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ജിഗ്നേഷ് മേവാനിയെ കാണാന്‍ മനോരഞ്ജനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുവാദം നല്‍കുകയായിരുന്നു.

മനോരഞ്ജന്‍ താലൂക്ദാര്‍ ജിഗ്‌നേഷ് മേവാനിയെ കണ്ടെന്നും മേവാനിയെ നിയമവിരുദ്ധമായും രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരവുമാണ് അസം പൊലീസ് അറസ്റ്റ് ചെയ്തതെന്നും സി.പി.ഐ.എം അസമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

‘സി.പി.ഐ.എം സംസ്ഥാന നേതാക്കളും എം.എല്‍.എ മനോരഞ്ജന്‍ താലൂക്ദാറും സംസ്ഥാന നേതാക്കളായ സന്തോഷ് ഗുഹ്, അചിത് ദത്ത എന്നിവര്‍ മേവാനിയെ കാണാന്‍ കൊക്രജാര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ജിഗ്നേഷിനെ കാണാന്‍ ഇവരെ പൊലീസ് അനുവദിച്ചിരുന്നില്ല.

ഇതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രതിനിധി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ഒടുവില്‍ എം.എല്‍.എ മനോരഞ്ജന്‍ താലൂക്ദാറിനെ മേവാനിയെ കാണാന്‍ അനുവദിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി.

അസമിലെ ബി.ജെ.പി സര്‍ക്കാരിന്റെ രാഷ്ട്രീയവും സ്വേച്ഛാധിപത്യപരവുമായ പെരുമാറ്റത്തെ സി.പി.ഐ.എം അസം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. മേവാനിയെ ഉടന്‍ മോചിപ്പിക്കണമെന്ന് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്,’ എന്നും പോസ്റ്റില്‍ പറയുന്നു.

അസം പൊലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് ജിഗ്നേഷ് മേവാനിയെ അര്‍ധരാത്രി അസം പൊലീസ് കസ്റ്റഡിയിലെടുത്തുത്.

ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ട്വീറ്റ്. അസം സ്വദേശിയായ അനൂപ് കുമാര്‍ ദേ ആണ് പരാതി നല്‍കിയത്.

ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മേവാനിയെ  ഗുവാഹത്തിയിലെത്തിച്ചിരുന്നു. അറസ്റ്റിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വ്യാഴാഴ്ച ദല്‍ഹിയില്‍ പ്രതിഷേധ സംഗമം നടത്തി. സത്യത്തെ തടവിലാക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എയാണ് മേവാനി.

Content Highlights: Assam Police restricts Manoranjan Talukdar from meet Jignesh Mewani

Latest Stories