| Saturday, 20th January 2024, 11:23 am

ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാറ്റി; രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയുടെ റൂട്ട് മാറ്റിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് അസം പൊലീസ്. സംസ്ഥാന സർക്കാരിന്റെ മാർഗ നിർദേശങ്ങൾ മറികടന്ന് യാത്ര നടത്തി എന്നാണ് ആരോപണം. യാത്രയുടെ റൂട്ട് മാറ്റം ഗതാഗത തടസ്സത്തിന് കാരണമായി. നേരത്തെ നിശ്ചയിച്ച റൂട്ടിൽ നിന്നും മാറിയാണ് ഭാരത് ജോഡോ യാത്ര കടന്നുപോയതെന്നും പൊലീസ് ആരോപിച്ചു .

രാഹുൽ ഗാന്ധിക്ക് പുറമേ സംഘാടകനായ കെ.ബി. ബിജു ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനാവശ്യ പ്രശ്നങ്ങളുണ്ടാക്കി യാത്രയെ തടസ്സപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് അസം സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ദേബാബർത്ര പറഞ്ഞു. ന്യായ് യാത്രയിൽ പങ്കെടുക്കുന്ന വമ്പിച്ച ജനക്കൂട്ടത്തെ കണ്ട് വിറളി പിടിച്ചാണ് ഹിമന്ത ബിശ്വ ശർമ കേസെടുത്തത്. യാത്രയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ രാഹുൽ ഗാന്ധി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഗോത്ര വിഭാഗങ്ങളെ ആദിവാസികൾ എന്ന് ആക്ഷേപിച്ച് അവരെ കാടിനുള്ളിൽ തളച്ചിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അവരുടെ വിദ്യാഭ്യാസം തന്നെ ഇല്ലാതാക്കിക്കൊണ്ട് അവരെ കാടുകളിൽ തളച്ചിടുന്നു. നിങ്ങളുടെതെല്ലാം നിങ്ങൾക്ക് തിരിച്ചു നൽകണം എന്നതാണ് കോൺഗ്രസിൻറെ ആഗ്രഹം. നിങ്ങളുടെ വെള്ളവും ഭൂമിയും കാടും നിങ്ങളുടേത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

യാത്രയുമായി ബന്ധപ്പെട്ടുള്ള അസം സർക്കാരിന്റെ നിർദേശങ്ങൾ ഒന്നും അവഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി യാത്രയിൽ പങ്കെടുക്കുന്ന ആളുകളെ തടയാൻ ശ്രമിക്കുകയാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.

അസമിലെ ജോർഹെഡ് നഗരത്തിലൂടെയാണ് ഭാരത് ന്യായ യാത്രക്കായി പൊലീസ് റൂട്ട് അനുവദിച്ചിരുന്നത്. എന്നാൽ വമ്പിച്ച ജനക്കൂട്ടം യാത്രയുടെ ഭാഗമായതോടെ കുറച്ചു ദൂരം വഴി മാറ്റേണ്ടി വന്നുവെന്നാണ് കോൺഗ്രസ് വക്താവ് പ്രതികരിച്ചത്.

Content Highlight: Assam Police Registered a Case against Rahul Gandhi.

We use cookies to give you the best possible experience. Learn more