ഗുവാഹത്തി: അസമിലെ പൊലീസ് വെടിവെപ്പ് ഭരണകൂടം ആസൂത്രിതമായി തയ്യാറാക്കിയതെന്ന് കോണ്‍ഗ്രസ്. കൈയേറ്റമൊഴിപ്പിക്കലിന്റെ മറവില്‍ നരഹത്യയാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോഹ്‌റ പറഞ്ഞു.
വെടിവെപ്പില്‍ പ്രതിഷേധിച്ച് ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഭൂപന്‍ ബോഹ്‌റയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പൊലീസിന് തങ്ങളെ കൊല്ലാമെന്നും എന്നാല്‍ ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും ബോഹ്‌റ പറഞ്ഞു.
കൊവിഡ് മഹാമാരിയ്ക്കിടെ ആളുകളെ കുടിയൊഴിപ്പിക്കുന്നത് സുപ്രീംകോടതി വിധിയ്‌ക്കെതിരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.