അസമില്‍ പൊലീസ് ആക്രമണത്തിനിരയായ വ്യക്തിയെ നെഞ്ചില്‍ ചാടി ചവിട്ടി ഫോട്ടോഗ്രാഫര്‍, നോക്കി നിന്ന് പൊലീസ്; ഒടുവില്‍ അറസ്റ്റ്
national news
അസമില്‍ പൊലീസ് ആക്രമണത്തിനിരയായ വ്യക്തിയെ നെഞ്ചില്‍ ചാടി ചവിട്ടി ഫോട്ടോഗ്രാഫര്‍, നോക്കി നിന്ന് പൊലീസ്; ഒടുവില്‍ അറസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th September 2021, 9:39 am

ഗുവാഹത്തി: അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ച ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു. ധരാങ് ജില്ലാ അഡ്മിനിസ്ട്രഷന്‍ ഫോട്ടോഗ്രാഫര്‍ ബിജയ് ഷങ്കര്‍ ബനിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ വ്യക്തിയെ ബിജയ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ഒരാളെ പൊലീസ് വെടിവെയ്ക്കുന്നതും പിന്നീട് ലാത്തി ഉപയോഗിച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ ക്രൂരമായി ഇയാളെ മര്‍ദ്ദിക്കുന്നതും ഒന്നിലേറെ തവണ ചാടി നെഞ്ചില്‍ ചവിട്ടുകയും ചെയതത്. ഒാടി വന്ന് നെഞ്ചിലേക്ക് ചാടി ചവിട്ടുന്നതും പിന്നീട് കാലുപയോഗിച്ച് കഴുത്തില്‍ മര്‍ദ്ധിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒടുവില്‍ പൊലീസ് ഇയാളെ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ഇയാള്‍ ഓടി വന്ന് പരിക്കേറ്റയാളെ മര്‍ദ്ദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അസമില്‍ ഭൂമി കൈയേറ്റം ആരോപിച്ചായിരുന്നു പൊലീസിന്റെ നരനായാട്ട്. പൊലീസ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Assam Police arrests photographer seen thrashing injured man in viral video during clashes