| Friday, 16th November 2012, 7:00 am

ആസാമില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; ആറ് മരണം, അനിശ്ചിതകാല നിരോധനാജ്ഞ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: ആസാമില്‍ വീണ്ടും കലാപം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ആറ് പേരാണ് ആസാമില്‍ കൊല്ലപ്പെട്ടത്.

ആസാമിലെ ബോഡോലാന്റ് ടെറിട്ടോറിയല്‍ ഭരണത്തിന് കീഴിലുള്ള ജില്ലകളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കൊക്രജാറില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.[]

കൊക്രജാറില്‍ ഇന്നലെ ഒരാള്‍ കൂടി വെടിയേറ്റ് മരിച്ചു. കൊക്രജാറിലെ തെരുവിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഒരു വ്യാപാരിക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് വീണ്ടും പൊട്ടിപ്പുറപ്പെട്ട കലാപം അടിച്ചമര്‍ത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ സൈനികരുടെയും അര്‍ധ സൈനികരുടേയും സേവനം തേടാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്്.

കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് എന്‍.ഡി.എഫ്.ബിയുടെ രഞ്ജന്‍ ദൈമാരിയുടെ നേതൃത്വത്തില്‍ അക്രമം ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച കൊക്രജാറില്‍ ഗോസൈഗാവ് പ്രദേശത്ത് ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു.

ഫൈലാഗൂരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേയുണ്ടായ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് ഗ്രാമവാസികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു.

ആസാമില്‍ കഴിഞ്ഞ ജുലൈയില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷവുമായുണ്ടായ കലാപത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു.

പ്രദേശത്ത് സ്ഥിതി ശാന്തമാക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്ക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

നേരത്തേയുണ്ടായിരുന്ന സ്ഥിതിഗതികള്‍ ഏറെക്കുറേ ശാന്തമായിരുന്നെങ്കിലും ഒറ്റപ്പെട്ട ആക്രമങ്ങള്‍ പ്രദേശത്ത് തുടര്‍ന്നിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് സ്ഥിതി ഇത്ര രൂക്ഷമാകാന്‍ കാരണം.

We use cookies to give you the best possible experience. Learn more