ഗോള്‍പാറ: അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരെ പാര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കുന്ന കൂറ്റന്‍ ജയിലുകളുടെ നിര്‍മ്മാണ തൊഴിലാളികളായി പൗരത്വ പട്ടികയ്ക്ക് പുറത്തുള്ളവരും.
ജനന സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഹജോങ് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഷെഫാലി ഹജോങും സരോജിനെ ഹജോങും. ഗോള്‍പാറയിലെ ജയില്‍ നിര്‍മ്മിക്കുന്നവരില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതായി നിരവധി പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തുകൊണ്ടാണ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തതെന്ന് അറിയില്ലെന്നും വിശപ്പ് മാറ്റുന്നതിന് വേണ്ടിയാണ് ജോലിക്ക് വന്നതെന്നും ഷെഫാലി ഹജോങ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. തങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ഷെഫാലിയുടെ മാതാവ് മാലതി ഹജോങും പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആലോചിച്ചിട്ട് പേടിയാവുന്നുണ്ട്. പക്ഷെ ജീവിക്കണം’ സരോജിനി ഹജോങ് പറഞ്ഞു.
ജയിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഈ തൊഴിലാളികളെല്ലാം സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഈ ജയിലുകളിലേക്ക് പോകേണ്ടി വരും. ഗോള്‍പാറയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന തടവുകേന്ദ്രം അസമില്‍ കേന്ദ്രം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പത്തോളം ജയിലുകളില്‍ ആദ്യത്തേതാണ്.
ട്രൈബ്യൂണല്‍ വിദേശികളായി പ്രഖ്യാപിച്ചാല്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം വരെ ഇത്തരം ജയിലുകളില്‍ കിടന്നാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളു. അതും കര്‍ശന ഉപാധികളോടെ മാത്രമേ ലഭിക്കുകയുള്ളു. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കാത്തവര്‍ക്ക് ജാമ്യം ലഭിക്കുകയുമില്ല.
പുറത്തിറങ്ങുന്നവര്‍ ആഴ്ചതോറും പൊലീസ് സ്റ്റേഷനില്‍ വന്നു ഒപ്പുവയ്ക്കണം. മൂന്നു മാസത്തിലൊരിക്കല്‍ ജാമ്യത്തിലിറങ്ങിയ ആളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ല പൊലീസിനു സമര്‍പ്പിക്കണം. ജാമ്യമെടുക്കാന്‍ കഴിയാത്തവര്‍ മരണം വരെ ഈ തടവറയില്‍ കഴിയേണ്ടിയും വരും. ട്രൈബ്യൂണലുകള്‍ ബംഗ്ലാദേശികളാണെന്നു പറഞ്ഞതുകൊണ്ടുമാത്രം ഇവരെ സ്വീകരിക്കാന്‍ ആ രാജ്യവും തയ്യാറാകില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം തടവറകള്‍ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ ഈ രീതിയില്‍ തടവറ ഒരുക്കി കഴിഞ്ഞിട്ടുണ്ട്.
ദേശീയ പൗരത്വ പട്ടികയില്‍ ഇല്ലാത്തവരെ ഏതു രാജ്യക്കാരാണെന്നു കണ്ടെത്താന്‍ ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണര്‍ ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഏതു രാജ്യക്കാരാണെന്നു കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടാണ് ട്രൈബ്യൂണല്‍ വിദേശികളാക്കിയവരെ പാര്‍പ്പിക്കാന്‍ ഈ തരത്തില്‍ തടവറകളൊരുക്കുന്നത് എന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.