ആസാം പൗരത്വ പട്ടികയ്ക്ക് പുറത്തുള്ളവരെ ബംഗ്ലാദേശിലേക്കയക്കില്ലെന്ന് ഷെയ്ക്ക് ഹസീനയ്ക്ക് മോദി ഉറപ്പ് നല്‍കിയെന്ന് വെളിപ്പെടുത്തല്‍: പ്രതികരിക്കാതെ ബി.ജെ.പി വക്താവ്
national news
ആസാം പൗരത്വ പട്ടികയ്ക്ക് പുറത്തുള്ളവരെ ബംഗ്ലാദേശിലേക്കയക്കില്ലെന്ന് ഷെയ്ക്ക് ഹസീനയ്ക്ക് മോദി ഉറപ്പ് നല്‍കിയെന്ന് വെളിപ്പെടുത്തല്‍: പ്രതികരിക്കാതെ ബി.ജെ.പി വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th October 2018, 1:03 pm

 

ന്യൂദല്‍ഹി: ആസാം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് ഉറപ്പുനല്‍കിയതായി വെളിപ്പെടുത്തല്‍. ഷെയ്ക്ക് ഹസീനയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് എച്ച്.ടി ഇമാമിന്റേതാണ് വെളിപ്പെടുത്തല്‍.

“എന്‍.ആര്‍.സി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ലിസ്റ്റിന് പുറത്തുള്ളവരെ ബംഗ്ലാദേശിലേക്ക് അയക്കില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞങ്ങളുടെ ഭരണാധികാരിക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.” ഇമാം പറഞ്ഞു.

Also Read:ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഞങ്ങള്‍ വിജയിക്കും; മായാവതിക്ക് മറുപടിയുമായി രാഹുല്‍

ഇരു നേതാക്കളും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിില്ല. ” ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കുന്ന അത്തരം കാര്യങ്ങള്‍ക്കൊന്നും (നാടുകടത്തല്‍) ഇന്ത്യ ഞങ്ങള്‍ക്ക് പലതവണ ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ഈ വര്‍ഷം അവസാനം ബംഗ്ലാദേശില്‍ ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ.” എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ബംഗ്ലാദേശിന് ഇത്തരമൊരു ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, ഇമാമിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ബി.ജെ.പി വക്താവ് സംബിത് പാത്ര വിസമ്മതിച്ചു.

ആസാമില്‍ കഴിയുന്നവരില്‍ നിന്നും യഥാര്‍ത്ഥ ഇന്ത്യക്കാരെ തിരിച്ചറിയാനുള്ള പട്ടികയെന്ന പേരിലാണ് എന്‍.ആര്‍.സി പരിപാടി നടത്തുന്നത്. ജൂലൈ 30ന് പുറത്തുവിട്ട പട്ടികയുടെ അന്തിമ കരടില്‍ നിന്നും 40 ലക്ഷം പേര്‍ പുറത്തായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.

അന്തിമ പട്ടികയില്‍ നിന്നും പുറത്തായവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും നാടുകടത്തുകയും ചെയ്യുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞിരുന്നു.