ഈ വര്‍ഷം ജനുവരിയിലാണ് അസമിലേക്ക് ഒരു യാത്ര പോയത്. ഹബീബുര്‍ റഹ്മാനെയും കുടുംബത്തെയും പരിചയപ്പെടാന്‍ ഇടയായത് ആ യാത്രയിലാണ് . അദ്ദേഹവും ഭാര്യയും മൂന്ന് ആണ്‍മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമടങ്ങുന്ന വലിയ കുടുംബം. അങ്ങോട്ടുള്ള യാത്രക്കിടെ ഡ്രൈവര്‍ ‘ബംഗ്ലാദേശി മുസ്‌ലിങ്ങളെ ‘ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു.
മൂന്ന് തലമുറ മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയവരെ ‘ബംഗ്ലാദേശി മുസ്‌ലിംങ്ങള്‍ ‘ എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി തന്നെ എന്റെ മനസ്സിലാക്കലുകള്‍ക്കപ്പുറമായിരുന്നു. ഞങ്ങള്‍ എട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയ ഒരു യാത്രയായിരുന്നു അത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് പേര്‍.
ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ജേര്‍ണലിസ്റ്റ് രൂപ ചിനോയ് ആണ് ആ യാത്രക്ക് മുന്‍കൈ എടുത്തത്. നീണ്ട മുപ്പത് വര്‍ഷങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ജേര്‍ണലിസ്റ്റാണ് രൂപ. രൂപയുടെ അറിവുകളും അനുഭവങ്ങളും ചേര്‍ത്ത് Understanding India’s North East എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട് അവര്‍.
ഹബീബുര്‍ റഹ്മാന്റെ കുടുംബവുമായി രൂപക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. ഏതാണ്ട് അവസാനത്തെ ദിവസമാണ് ഞങ്ങള്‍ അവരെ കണ്ടത്. ഏഴു ദിവസത്തെ നിരന്തര യാത്രയും മണിക്കൂറുകളോളമുള്ള നടത്തവും അതിനിടെ ബന്ദില്‍ പെട്ട് വലഞ്ഞ് ബോഡോ ആക്ടിവിസ്റ്റുകളുടെ സംരക്ഷണയില്‍ യാത്ര ചെയ്യേണ്ടി വന്നതിന്റെ മാനസിക സമ്മര്‍ദ്ദവും കീഴടങ്ങിയ മിലിറ്റന്‍സിന്റെ ക്യാമ്പ് സന്ദര്‍ശിച്ചതിന്റെ പേരിലുള്ള പോലീസ് അന്വേഷണവും എല്ലാമായി ഞങ്ങള്‍ എല്ലാവരും തളര്‍ന്നിരുന്നു.
ആ കുടുംബത്തിന്റെ ആതിഥ്യം സ്വീകരിക്കാനുള്ള മൂഡൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല. രൂപയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞങ്ങള്‍ അവിടെ പോയത്. (രൂപയെ പോലുള്ള മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ ഒരു പക്ഷേ ഇപ്പോഴും പാലിക്കുന്ന ചില നിര്‍ബന്ധങ്ങള്‍ ഉണ്ട്. എവിടെ പോയാലും അവിടെ നേരത്തെ പരിചയമുള്ള മനുഷ്യരെ കാണുകയും എപ്പോഴും സ്വയം പുതുക്കി കൊണ്ടിരിക്കുകയും ചെയ്യുക എന്നുള്ളത്. ഞാനൊക്കെ പലപ്പോഴും പാലിക്കാത്തതുമായ ചില രീതികള്‍).
NRC യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അസം പുകയുന്ന സമയത്താണ് ഞങ്ങള്‍ അവരെ കണ്ടത്.അവര്‍ക്ക് പക്ഷേ അതേക്കുറിച്ച് ആശങ്കകള്‍ ഒന്നുമുണ്ടായിരുന്നില്ല. അവരുടെ എല്ലാ രേഖകളും കൃത്യമായിരുന്നു.
ഇക്കഴിഞ്ഞ ദിവസം അവരുടെ കുടുംബത്തിലെ മൂത്ത മകന്‍ ഹാദി ആലവുമായി സംസാരിച്ചിരുന്നു. ഹബീബുര്‍ റഹ്മാന്‍ അടക്കം ആ കുടുംബത്തിലെ അഞ്ചു പേര്‍ NRC ലിസ്റ്റില്‍ നിന്ന് പുറത്തായി. ഹാദി ആലം, സഹോദരന്മാരായ വസീര്‍ ആലം, തന്‍വീര്‍ ആലം എന്നിവരും ഹാദിയുടെ ഭാര്യയും വസീറിന്റെ അഞ്ചു വയസ്സുള്ള മകളും ലിസ്റ്റില്‍ ഇല്ല. അവരുടെ ഉമ്മ ഹലീമയും, തന്‍വീറിന്റെയും വസീറിന്റെയും ഭാര്യമാരും തന്‍വീറിന്റെയും ഹാദിയുടെയും മക്കളും മാത്രമേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. അദ്ദേഹം അയച്ച നീണ്ട മെസേജിന്റെ പ്രസക്തഭാഗങ്ങള്‍ നിങ്ങളുടെ വായനക്കായി ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു.
‘ലിസ്റ്റ് വന്നു, ഉമ്മയും എന്റെ രണ്ട് മക്കളും സഹോദരന്‍മാരുടെ ഭാര്യമാരും മാത്രമേ ലിസ്റ്റില്‍ ഉള്ളൂ. ഇതെങ്ങനെ സംഭവിച്ചു എന്ന് ഞങ്ങള്‍ക്ക് ഒരു പിടിയുമില്ല. എല്ലാ രേഖകളും സമര്‍പ്പിച്ചതാണ്. ബന്ധപ്പെട്ട എല്ലാ ട്രിബ്യൂണലുകളുടെയും മുന്നില്‍ ഹാജരായതാണ്. വീട്ടിലെ എല്ലാവരെയും NSK യില്‍ (NRC സേവകേന്ദ്ര ) വിളിപ്പിച്ചു രേഖകള്‍ പ്രത്യേകം പരിശോധിച്ചതാണ്.
ഞങ്ങളുടെ രേഖകള്‍ പക്കായാണെന്ന് അവര്‍ പറഞ്ഞതാണ്. 1936 മുതലുള്ള രേഖകള്‍ -എന്റെ ഉപ്പുപ്പാടെ കാലം മുതലുള്ളവ -ഞങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഉപ്പുപ്പായുടെയും ഉപ്പയുടെയും പേരില്‍ ഉണ്ടായിരുന്ന ഭൂമിയുടെ രേഖകള്‍ അടക്കം എല്ലാം. എന്നിട്ടും ആദ്യത്തെ ലിസ്റ്റ് വന്നപ്പോള്‍ ഞങ്ങളുടെ പേരുണ്ടായില്ല. അതിന്റെ പിറകെ ഓടിയതിന് കണക്കില്ല.
വീണ്ടും NSK യില്‍ പോയി. അവര്‍ ഉറപ്പ് തന്നു, അതെന്തോ സാങ്കേതിക തകരാര്‍ ആയിരിക്കുമെന്ന്. അവസാനലിസ്റ്റില്‍ എന്തായാലും പേരുണ്ടാവുമെന്ന്. എന്നിട്ടും സമാധാനം കിട്ടാതെ ജില്ലാ മജിസ്ട്രേറ്റ് മുന്‍പാകെ പരാതി കൊടുത്തു. അദ്ദേഹവും രേഖകള്‍ പരിശോധിച്ച് എല്ലാം കൃത്യമാണെന്ന് തന്നെയാണ് പറഞ്ഞത്. അവസാന ലിസ്റ്റില്‍ ഉള്‍പെടാതിരിക്കാനുള്ള സാധ്യത കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടിപ്പോ കുടുംബത്തിലെ ഞങ്ങള്‍ അഞ്ച് പേര്‍ ഒറ്റയടിക്ക് ഇന്ത്യക്കാരല്ലാതായി.
ഇനി എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല. ഫോറിന്‍ ട്രിബ്യൂണലില്‍ പോയി പരാതി കൊടുക്കാനാണ് പറയുന്നത്. 120 ദിവസത്തെ സമയമാണ് തന്നിട്ടുള്ളത്. ഫോറിന്‍ ട്രിബ്യൂണലില്‍ പോയി പുതുതായി എന്താണ് ഞങ്ങള്‍ സമര്‍പ്പിക്കേണ്ടത്? 1936 മുതല്‍ എന്റെ ഉപ്പുപ്പായും ഉപ്പയും ജീവിച്ച മണ്ണാണിതെന്ന് ഇനി എങ്ങനെയാണ് ഞങ്ങള്‍ തെളിയിക്കേണ്ടത്? ലിസ്റ്റ് ഞാന്‍ നിങ്ങള്‍ക്ക് അയക്കുന്നു, അസ്സമീസ് ഭാഷയിലാണ്.
തന്‍വീറിന്റെയും വസീറിന്റെയും ഭാര്യമാരുടെയും മക്കളുടെയും പേരുകള്‍ ലിസ്റ്റില്‍ ഉണ്ട്, അത് നിങ്ങള്‍ക്ക് കണ്ടാല്‍ മനസ്സിലാകും.
ഞങ്ങള്‍ ഇനി എന്ത് ചെയ്യും? എങ്ങോട്ട് പോകും? ഗ്രാമത്തിലെ പൊതുവായ സ്ഥിതി ഇത് തന്നെയാണ്. മിക്കവാറും എല്ലാ മുസ്ലിം കുടുംബങ്ങളിലും ഒന്നോ രണ്ടോ പേരെങ്കിലും ലിസ്റ്റില്‍ നിന്ന് പുറത്തായി. അതും കൃത്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ തന്നെ.
എല്ലാവരും പരിഭ്രമിച്ചു ഓട്ടത്തിലാണ്. ലിസ്റ്റില്‍ പല കൃത്രിമങ്ങളും നടന്നതായി പറഞ്ഞു കേള്‍ക്കുന്നു. ഇന്ത്യയില്‍ മുസ്ലീമായി ജീവിക്കുന്നതിന് കൊടുക്കേണ്ടി വന്ന വിലയാണ്. വാപ്പാക്ക് ഈയിടെ ഹൃദയസംബന്ധമായ ഒരു സര്‍ജറി കഴിഞ്ഞതേയുള്ളൂ. കഴിഞ്ഞ ദിവസം വാപ്പ മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. സത്യം ലോകത്തെ അറിയിക്കണം. അതിനാണ് നിങ്ങള്‍ക്ക് ഈ മെസ്സേജുകള്‍ അയക്കുന്നത് ‘
ഒരു കുടുംബം നെടുകെ പിളര്‍ന്നു. പകുതിപ്പേര്‍ ഇന്ത്യക്കാരല്ലാതായി. വസിറിന്റെ മകള്‍ വരിഷാ റഹ്മാന്‍, വെറും അഞ്ചു വര്‍ഷം മുന്‍പ് ഇന്ത്യയില്‍ ജനിച്ചവള്‍ -അവള്‍ എങ്ങനെയാണ് പൌരത്വം തെളിയിക്കേണ്ടത്? 74 വയസ്സുള്ള ഹബിബുര്‍ റഹ്മാന്‍ എന്ന ഹൃദ്രോഗിയായ വൃദ്ധന്‍ ഇനി എങ്ങോട്ടാണ് പോകേണ്ടത്?
ഹാദി ആലമീനോട് ഞാന്‍ എന്താണ് പറയേണ്ടത്? നിങ്ങളുടെ കൂടെ ഉണ്ടെന്നോ? ഐക്യപ്പെടുന്നു എന്നോ? അശ്ലീലമായി പോകും എന്ത് പറഞ്ഞാലും.
പരിചയപ്പെടേണ്ടായിരുന്നു എന്നതിനപ്പുറം ഒന്നും എനിക്കിപ്പോള്‍ തോന്നുന്നില്ല. ആരെയും ബന്ധപ്പെടാതിരിക്കാനും ഒന്നും വായിക്കാതിരിക്കാനും എഴുതാതിരിക്കാനും ശ്രമിച്ചു. ഒരു പരിധിക്കപ്പുറം അതൊന്നും സാധ്യമല്ല.
അടുത്ത 120 ദിവസത്തിനപ്പുറം ആ കുടുംബത്തിന് എന്താണ് പറയാനുണ്ടാവുക? അറിയില്ല. ഒരു പക്ഷേ ഹാദിയോടൊ വസീറിനോടോ സംസാരിക്കാതിരിക്കുക എന്നതാവും ഞാന്‍ ചെയ്യുക എന്നെനിക്ക് തോന്നുന്നു. മറ്റെന്താണ് ചെയ്യാനുള്ളത്? അറിയില്ല.