ഒരു കുടുംബത്തിലെ ഭര്‍ത്താവ് അകത്തും ഭാര്യ പുറത്തും; ആത്മഹത്യമുനമ്പായി അസം
Assam NRC
ഒരു കുടുംബത്തിലെ ഭര്‍ത്താവ് അകത്തും ഭാര്യ പുറത്തും; ആത്മഹത്യമുനമ്പായി അസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2019, 8:43 pm

ന്യൂദല്‍ഹി: അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള് പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു. പട്ടികയിലുള്‍പ്പെടാത്ത പലരും ഇനിയെന്ത് എന്ന ആശങ്കയിലാണ്. ഒരു കുടുംബത്തിലെ തന്നെ ചില അംഗങ്ങള്‍ പട്ടികക്ക് പുറത്തായതും വ്യാജ പ്രചാരണത്തിന്റെ പേരില്‍ ആളുകള്‍ ജീവനൊടുക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്,

പട്ടികയില്‍ താന്‍ ഇല്ലെന്ന വ്യാജ പ്രചാരണത്തെത്തുടര്‍ന്നായിരുന്നു അറുപത് വയസ്സുകാരി സയീറ ബീഗത്തിന്റെ ആത്മഹത്യ. സമീറ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സോനിത്പൂര്‍ മണ്ഡലത്തിലായിരുന്നു സംഭവം. കിണറ്റിലേക്ക് എടുത്തു ചാടിയ സയീറയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

പക്ഷെ സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം പുറത്തിറങ്ങിയ പൗരത്വപട്ടികയില്‍ ബീഗവും ഭര്‍ത്താവും മകനും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു എന്നത് നിരാശജനകമാണ്.

പലരും തങ്ങള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഗ്രാമങ്ങളില്‍ നിരവധിപേരാണ് ഓഫീസിന് മുന്നിലായി വരി നില്‍ക്കുന്നത്. ഒരേ കുടുംബത്തിലെ തന്നെ കടുബനാഥനും മക്കളും പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ഭാര്യ പുറത്താക്കപ്പെട്ട അവസ്ഥയും ഉണ്ട്.

48 കാരനായ കര്‍ഷകന്‍ മിജാനൂര്‍ റഹ്മാനും 21 കാരനായ മകനും 16ഉം 14 ഉം വയസ്സുള്ള പെണ്‍മക്കളും പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ഭാര്യയും പത്ത് വയസിന് താഴെയുള്ള മൂന്ന് മക്കളും പട്ടികയില്‍ ഇല്ല.

ഇതേ സാഹചര്യം നിരവധി കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. ബിനോയ് ഭൂഷന്‍ സര്‍ക്കാര്‍ എന്ന വ്യക്തി 21 വയസ്സുമുതല്‍ വോട്ട് ചെയ്യുന്നുണ്ടെന്നും താന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അധികൃത കുടിയേറ്റക്കാരനെന്ന് പറഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കസ്റ്റഡിയിലെടുക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥനും പട്ടികയ്ക്ക് പുറത്താണ്. എന്നാല്‍ ഇതില്‍ തനിക്ക് അത്ഭുതമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

1951 നു ശേഷം ഇത് രണ്ടാംതവണയാണ് ഇത്തരത്തില്‍ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നത്.
ബംഗ്ലാദേശി കുടിയേറ്റക്കാരെ മുന്‍പ് ആഭ്യന്തരമന്ത്രി അമിത്ഷാ നുഴഞ്ഞുകാറ്റക്കാരെന്നായിരുന്നു വിളിച്ചിരുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്.
അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്.

അന്തിമ പൗരത്വ രജിസ്റ്റര്‍ പുറത്തുവന്ന ശേഷവും പട്ടികയില്‍ പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ ഭാഗം കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.