| Saturday, 16th November 2019, 3:59 pm

ദേശീയ പൗരത്വ പട്ടിക മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള ഉപകരണമാണെന്ന് യു.എസ് ഗവണ്‍മെന്റ് ഫെഡറല്‍ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മത ന്യൂനുക്ഷങ്ങളെ ലക്ഷ്യമിടാനും മുസ്‌ലിങ്ങളെ സംസ്ഥാനരഹിതരാക്കാനും വേണ്ടിയുള്ള ഒരു ഉപകരണമാണ് അസമിലെ ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) എന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്)ആരോപിച്ചു.

നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ഇതേ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. അസ്സാമിലെ ബംഗാളി മുസ്‌ലിം സമൂദായങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള തന്ത്രപരമായ നീക്കമായാണ് യു.എസ്.സി.ഐ.ആര്‍.എഫ്.ദേശീയ പൗരത്വ പട്ടികയെ വിലയിരുത്തുന്നത്.

അസ്സാമിലെ 19 ലക്ഷം താമസക്കാരെയാണ് ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറന്തള്ളിയിട്ടുള്ളത്. അതില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പട്ടികയാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്. 2013 ലെ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് അസ്സാമില്‍ ദേശീയ പൗരത്വ പട്ടിക പുതുക്കുന്നത്. 1971 മാര്‍ച്ച് 24ന് മുന്‍പുള്ള 33 മില്യണ്‍ പൗരന്മാര്‍ക്ക് ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട സാഹചര്യം ഉണ്ട്.

പുതുക്കിയ ലിസ്റ്റ് ആഗസ്റ്റ് 31 നാണ് പുറത്തു വിട്ടത്. ബി.ജെ.പി സര്‍ക്കാരിന്റെ മുസ് ലിം വിരുദ്ധതയുടെ ചുവടുവെപ്പായാണ് പുതിയ പട്ടികയെ ഫെഡറല്‍ കമ്മീഷന്‍ വിലയിരുത്തുന്നത്.
മുസ്‌ലിങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ളതും ഹിന്ദുക്കള്‍ക്കും തെരഞ്ഞെടുത്ത മത ന്യൂനസമുദായങ്ങള്‍ക്കും അനുകൂലവുമായ ഒരു മതപരീക്ഷണത്തിനുള്ള സൂചനയാണ് ബി.ജെ.പി നല്‍കിയിരിക്കുന്നതെന്നും യു.എസ്. ഫെഡറല്‍ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ഇരുപതാംനൂറ്റാണ്ട് മുതല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ബംഗ്ലാദേശില്‍ നിന്ന് അസ്സാമിലേക്ക് വന്‍തോതില്‍ ആളുകള്‍ ഒഴുകിയെത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ദേശീയ പൗരത്വ പട്ടിക നിയമപരവും സുതാര്യവുമായ ഒന്നാണെന്നും സര്‍ക്കാര്‍ മുന്നിട്ട്‌നിന്ന് ചെയ്യുന്ന പ്രക്രിയ അല്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

”ഇത് സുപ്രീംകോടതി നേരിട്ട് നിരീക്ഷിക്കുന്ന കാര്യമാണ്. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്യങ്ങള്‍ നടക്കുന്നത്. എല്ലാത്തിനും കോടതി തന്നെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട് ” മന്ത്രാലയം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more