| Thursday, 16th May 2019, 8:17 am

അസമിലെ മഖ്ബൂല്‍ എന്ന ഓട്ടോക്കാരന്‍; കലാപദേശത്തുനിന്ന് കര്‍ഫ്യൂ ദിനത്തില്‍ ഗര്‍ഭിണിയായ ഹിന്ദുയുവതിയെ ആശുപത്രിയിലെത്തിച്ച ധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: പൂര്‍ണ്ണ ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ അസമിലെ കലാപബാധിത ദേശത്തുകൂടെ കര്‍ഫ്യൂ ദിനത്തില്‍ പ്രസവത്തിന് മുന്‍പ് സുരക്ഷിതയായി ആശുപത്രിയിലെത്തിച്ച് മഖ്ബൂല്‍ എന്ന ഓട്ടോ ഡ്രൈവര്‍. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സാമുദായിക സംഘര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കര്‍ഫ്യു പ്രഖ്യാപിച്ച ഹൈലകണ്ടിയാണ് സംഭവം.

സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സമയത്തായിരുന്നു റുബോണ്‍ ദാസിന്റെ ഭാര്യ നന്ദിതക്ക് പേറ്റുനോവ് തുടങ്ങിയത്. പരിഭ്രാന്തനായ റുബോണ്‍ സഹായത്തിന് പലരേയും വിളിച്ചുനോക്കിയെങ്കിലും ആരും എത്തിയില്ല. തുടര്‍ന്നാണ് നിരാശനായ റുബോണ്‍ ദാസിന്റെ അടുത്തേക്ക് വിവരമറിഞ്ഞ് അയല്‍വാസിയായ മഖ്ബൂല്‍ തന്റെ ഓട്ടോയുമായി എത്തുകയും സത്രീയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്.

നന്ദിതയ്ക്ക് പിറന്ന ആണ്‍കുട്ടിക്ക് ശാന്തി എന്ന പേരാണ് മാതാപിതാക്കള്‍ കുറിച്ചത്.

നന്ദിതയെ സമയത്തിന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് മഖ്ബൂലിന്റെ ധീരതയും മനുഷ്യത്വവും കൊണ്ട് മാത്രമാണെന്ന് പിന്നീട് ഇവരെ സന്ദര്‍ശിച്ച ജില്ല പൊലീസ് സൂപ്രണ്ട് മോഹനീഷ് മിശ്ര പറഞ്ഞതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മില്‍ സ്‌നേഹത്തോടെ കഴിയുന്ന ഇത്തരം കഥകളാണ് നാട് കേള്‍ക്കേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.

രണ്ടുദിവസം മുമ്പാണ് അസമിലെ ഹൈലകണ്ടിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 15ഓളം പേര്‍ക്ക് പരിക്കേറ്റു. 12 കടകള്‍ കൊള്ളയടിച്ചു. 15 വാഹനങ്ങളാണ് തകര്‍ക്കപ്പെട്ടത്.

We use cookies to give you the best possible experience. Learn more