ഗുവാഹത്തി: കഴിഞ്ഞ ദിവസം രാത്രി അസം-മിസോറം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മിസോറാമിലെ കൊലാസിബ് ജില്ലയും അസമിലെ കച്ചാര്‍ ജില്ലയും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണെന്ന് ഇരു സര്‍ക്കാരുകളും അറിയിച്ചിട്ടുണ്ട്.
അസമിന്റെ അനുമതിയില്ലാതെ മിസോറാം അതിര്‍ത്തിയില്‍ കൊവിഡ് പരിശോധന കേന്ദ്രം സ്ഥാപിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധന കേന്ദ്രം സ്ഥാപിച്ചതിന് പിന്നാലെ പ്രദേശത്ത് മിസോറാം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം അസം സര്‍ക്കാരിന്റെ ഏകപക്ഷീയവും പ്രകോപനപരവുമായ നടപടികളും കൈയ്യേറ്റ ശ്രമങ്ങളുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് മിസോറം സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. അസമില്‍ നിന്നും ആളുകള്‍ ആയുധങ്ങളുമായെത്തുകയും കല്ലേറ് നടത്തുകയാണെന്നുമാണ് കൊലസിബ് പൊലീസ് അറിയിക്കുന്നത്.
അതിര്‍ത്തിയില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ എല്ലാ വര്‍ഷവും പതിവാണെന്നും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നതെന്നുമാണ് അസം വനമന്ത്രിയും പ്രദേശത്തെ എം.എല്‍.എയുമായ പരിമള്‍ ശുക്ലയുടെ വിശദീകരണം.
ഇരു വശത്തേയും നിരവധി കടകളാണ് സംഘര്‍ഷത്തില്‍ കത്തിനശിച്ചത്. ട്രക്കുകള്‍ കടന്നുപോകുന്ന പാതയില്‍ സംഘര്‍ഷം നടന്നതുകൊണ്ട് അവശ്യ വസ്തുക്കളുമായി വന്ന നിരവധി വാഹനങ്ങളടക്കം പോകാനാകാതെ കിടക്കുകയാണ്. മിസോറാമും അസമും സംഘര്‍ഷ പ്രദേശത്ത് വലിയ തോതില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ചില പരിസര ജില്ലകളിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
പ്രശ്‌ന പരിഹാരത്തിനായി ഇരു സംസ്ഥാനങ്ങളെയും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും യോഗം ചേര്‍ന്നു. മിസോറം മുഖ്യമന്ത്രി സോറംതംഗയും അസം മുഖ്യമന്ത്രിയും സര്‍ബാനന്ദ സോനോവാളും ജനങ്ങളോട് സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്തു രംഗത്തെത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.