കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അസമിലെ കൂട്ടബലാത്സംഗ പ്രതി കുളത്തിൽ മുങ്ങിമരിച്ചതായി പൊലീസ്
national news
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അസമിലെ കൂട്ടബലാത്സംഗ പ്രതി കുളത്തിൽ മുങ്ങിമരിച്ചതായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 1:26 pm

ദിസ്പൂർ: അസമിലെ നാഗോൺ ജില്ലയിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രധാന പ്രതി മുങ്ങിമരിച്ചതായി റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെ പ്രതി കുളത്തിലേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ തഫാസുൽ ഇസ്‌ലാമാണ് (24 ) മരിച്ചത്.

വെള്ളിയാഴ്ച രാത്രി ചോദ്യം ചെയ്യലിന് ശേഷം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാനായി തഫാസുലിനെ പ്രദേശത്തേക്ക് കൊണ്ടുപോയതായി നാഗോൺ പൊലീസ് സൂപ്രണ്ട് സ്വപ്നനീൽ ദേക മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ തഫാസുൽ കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ മുങ്ങൽ വിദഗ്‌ധർ വിളിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും പ്രതി മരിച്ചിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. പക്ഷെ മരണപ്പെടുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെടുത്തു,’ പൊലീസ് പറഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പിടികൂടിയ ഒരു കോൺസ്റ്റബിളിനും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ധിംഗ് ടൗൺ അടച്ച് പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണ് തഫാസുൽ ഇസ്‌ലാമും മറ്റൊരു പ്രതിയും അറസ്റ്റിലായത്.

വെള്ളിയാഴ്ചയാണ് ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, പോക്‌സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസുള്ള പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ വന്ന മൂന്ന് പേർ ബലാത്സംഗം ചെയ്യുകയായിരുന്നു. പരിക്കേറ്റ് അബോധാവസ്ഥയിലായ പെൺകുട്ടിയെ അവർ റോഡരികിലെ കുളത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പെൺകുട്ടിയെ കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

സംഭവം അസമിൽ വലിയ ജനരോഷത്തിന് കാരണമായി. നൂറുകണക്കിന് പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Content Highlight: Assam Minor Gang Rape Case: Prime Accused Jumps Into Pond To Escape Police Custody, Dies