ഗുവാഹത്തി: സംസ്ഥാനത്ത് നടക്കുന്ന മുസ്‌ലിം വിവാഹങ്ങള്‍, വിവാഹ മോചനം എന്നിവ നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കാനൊരുങ്ങി അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുതിയ ബില്ലിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
അടുത്താഴ്ച ആരംഭിക്കുന്ന നിയമസഭയുടെ ശരത്കാല സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞ ഹിമന്ത പുതിയ ബില്‍ ശൈശവ വിവാഹങ്ങള്‍ തടയാന്‍ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.
‘ഇതുവരെ സംസ്ഥാനത്ത് മുസ്‌ലിം വിവാഹങ്ങള്‍ ഖാസികളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പുതിയ ബില്‍ നിലവില്‍ വരുന്നതോടെ എല്ലാ മുസ്‌ലിം വിവാഹങ്ങളും നിയമപരമായി സര്‍ക്കാരില്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കും.
കൂടാതെ ഇതുവഴി ശൈശവ വിവാഹങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും കഴിയും, കാരണം വിവാഹങ്ങള്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം എന്നത് തന്നെയാണ്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
മുമ്പ് സംസ്ഥാനത്ത് ഖാസികള്‍ ശൈശവ വിവാഹങ്ങള്‍ നടത്തിയിരുന്നു എന്ന് അവകാശപ്പെട്ട ഹിമന്ത അത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ വിവാഹചടങ്ങുകളില്‍ മുസ്‌ലിം ആചാരം പിന്തുടരുന്നതില്‍ നിയന്ത്രണങ്ങള്‍ ഒന്നുംതന്നെയില്ലെന്നും കേവലം ഖാസികളുടെ രജിസ്‌ട്രേഷന് മാത്രമാണ് നിയന്ത്രണമുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം 1935ലെ മുസ്‌ലിം വിവാഹ, വിവാഹ മോചന രജിസ്‌ട്രേഷന്‍ ആക്ട് നിര്‍ത്തലാക്കുന്നതിനുള്ള ബില്ലിന് അസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഈ ആക്ട് മുന്‍പ് ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയാകത്തവരുടെ വിവാഹം നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് നടപടി.
ഇതാദ്യമായല്ല അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ കടുത്ത മുസ്‌ലിം വിരുദ്ധ നിലപാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. രണ്ടാഴ്ച മുമ്പ് സംസ്ഥാനത്ത് മുസ്‌ലിങ്ങള്‍ക്ക് വീട് വില്‍ക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കും എന്ന വിവാദ പ്രസ്താവനയും ഹിമന്ത നടത്തിയിരുന്നു. കൂടാതെ അസമിലെ മുസ്‌ലിം ജനസംഖ്യ കൂടുന്നതിലും അദ്ദേഹം പലപ്പേഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Content Highlight: Assam Ministry to make registration of Muslim marriages and divorces compulsory