ഗുവാഹത്തി: ക്രമക്കേടുകളും മോഷണവും സംസ്ഥാന വൈദ്യുതി വകുപ്പിന് 300 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.
നിരവധി പേര്‍ ബില്ലുകള്‍ അടയ്ക്കാത്തത ഗുരുതരമായ വൈദ്യുതി മോഷണവുമാണ് സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നത്.
സര്‍ക്കാര്‍ വരുമാനത്തില്‍ ഗണ്യമായ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണരംഗത്ത് സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനികളോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മോഷണത്തെ കുറിച്ചും മറ്റു ക്രമക്കേടുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കമ്പനികളുടെയും അതുവഴി സര്‍ക്കാരിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെട്ടു.
തട്ടിപ്പുകാരായ ചില ഉപഭോക്താക്കള്‍ ബില്ല് അടക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ കുതന്ത്രങ്ങള്‍ മൂലം കമ്പനിയ്ക്ക് വരുമാനത്തില്‍ കുറവുണ്ടായി. ഈ നഷ്ടം പരിഹരിക്കാനും വൈദ്യുതി വാങ്ങുന്നതിനുമായി താരിഫ് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് എ.പി.ഡി.സി.എല്‍. എന്ന കമ്പനി അസം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചത്.
ചിലരുടെ പ്രവര്‍ത്തികളുടെ ഭാഗമായി താരിഫിന്റെ ഭാരം പൊതുജനങ്ങള്‍ക്ക് താങ്ങേണ്ടി വരികയാണെന്നും ഹിമന്ത പറഞ്ഞു. താരിഫ് വര്‍ധിപ്പിക്കലല്ലാതെ വരുമാനവും ലാഭവും കൂട്ടാനുള്ള മറ്റു മാര്‍ഗങ്ങള്‍ കൂടി കണ്ടെത്താന്‍ ശ്രമിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.