|

അസം, വംശീയ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാല | എ. റശീദുദ്ദീന്‍

എ. റശീദുദ്ദീന്‍

സര്‍ബാനന്ദ സോനുവാള്‍ അധികാരമേറ്റതിനു ശേഷം അസമില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പി അനുഭവിച്ചു പോരുന്ന ഒരുതരം ആത്മരതിയാണ് മുസ്ലിം ഗ്രാമങ്ങള്‍ രായ്ക്കു രാമാനം ബുള്‍ഡോസറുകളുമായി വന്ന് ഇടിച്ചു നിരത്തുന്നതും അവരുടെ നെഞ്ചത്തു കയറി വേതാള നൃത്തം ചവിട്ടുന്നതും. ദേശീയ പൗരത്വ രജിസ്റ്റര്‍ അസമിലെ പൗരന്‍മാരുടെ കാര്യത്തില്‍ പ്രാഥമികമായ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതിന് മുമ്പെയുള്ള കാലത്ത് പ്രതിഷേധിക്കാനുള്ള മിനിമം അവകാശം പോലും മുസ്ലിങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഇതൊന്നും ഒരു മാധ്യമങ്ങളും ഏറ്റുപിടിക്കാറുമുണ്ടായിരുന്നില്ല.

വിശ്വ ഹിന്ദു പരിഷത്തിന്റെ അസമിലെ മുതിര്‍ന്ന നേതാവായ ധരണികാന്ത് ഗോസ്വാമിയോട് ലേഖകന്‍ ഇതെ കുറിച്ച് അന്വേഷിച്ചു. ‘എങ്ങനെയാണ് നുഴഞ്ഞു കയറ്റക്കാരനെ കണ്ടെത്തുന്നതെന്ന്. വളരെ ലളിതമായി അദ്ദേഹം ചൂണ്ടിക്കാട്ടിയ ഒരു എളുപ്പവഴിയുണ്ട്. ഗോസ്വാമി, ബറുവ, കാലിത, കുമാര്‍, ദാസ് തുടങ്ങിയ പേരുകളുണ്ടെങ്കില്‍ അവര്‍ ഇന്ത്യക്കാരാണ്. ഹസന്‍, അലി, മുഹമ്മദ് തുടങ്ങിയ പേരുകള്‍ നുഴഞ്ഞു കയറ്റക്കാരുടേതും. അതായത് ഒരു ഗ്രാമം ഒഴിപ്പിക്കണമെങ്കില്‍ ആകെക്കൂടി ആവശ്യമുള്ളത് ധരണികാന്ത് പറഞ്ഞതുപോലെ കുറെ പേരുകള്‍ നോട്ടമിടുക മാത്രമാണ്.

ഈ പേരുകളെ കുറിച്ച് സംഘപരിവാര്‍ കാലങ്ങളായി പറഞ്ഞു നടന്ന യക്ഷിക്കഥകള്‍ ദേശീയ പൗരത്വ പട്ടിക പുറത്തുവന്നതിനു ശേഷം നീര്‍ക്കുമിളകളായി പൊട്ടിത്തകര്‍ന്നു. അസമിലെ മുസ്ലിങ്ങളില്‍ പത്ത് ശതമാനം പോലും യഥാര്‍ത്ഥ ഇന്ത്യക്കാരില്ലെന്ന് പറഞ്ഞു നടന്ന ബി.ജെ.പിക്ക് ഒരു ശതമാനത്തെ പോലും കുറ്റമറ്റ രീതിയില്‍ കണ്ടെത്താനായിട്ടില്ല എന്നിടത്താണ് പൗരത്വ രജിസ്റ്റര്‍ വിവാദം ഒടുവില്‍ എത്തിപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ അസമിലുള്ള മുസ്ലിം നുഴഞ്ഞു കയറ്റക്കാരുടെ എണ്ണം 30,000ത്തിലും താഴെയേ ഉള്ളുവെന്നാണ് ചില കണ്ടെത്തലുകള്‍. മാത്രമല്ല അസമില്‍ ഏറ്റവു കൂടുതലുള്ളത് നുഴഞ്ഞു കയറ്റക്കാരായ ബംഗാളി ഹിന്ദുക്കളാണെന്നും ഈ റിപ്പോര്‍ട്ട് അടിവരയിട്ടു. മൂന്നു വര്‍ഷമായി ഒന്നൊതുങ്ങിയ നുഴഞ്ഞു കയറ്റക്കാരന്‍ / രാജ്യസ്നേഹി പൊറാട്ടു നാടകം അസമില്‍ വീണ്ടും ആരംഭിക്കുകയാണ്. ഇന്ത്യയെ ആഗോള ജനതക്കു മുമ്പാകെ നാണം കെടുത്തി കൊണ്ട്.

ദരംഗ്, ഹോജായി, സോനിത്പൂര്‍ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് മുസ്ലിങ്ങളെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ അസം സര്‍ക്കാര്‍ കുടിയൊഴിപ്പിച്ചത്. സുതാര്യമായ ഒരു നടപടിക്രമവും പാലിക്കാതെ, അധോലോക ഗുണ്ടകളെ പോലെയാണ് ഈ പ്രദേശങ്ങളിലെല്ലാം പൊലീസും ജില്ലാ അധികാരികളും ജനങ്ങളുടെ വീടും കൃഷിയിടങ്ങളും കയ്യേറിയത്. ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവത്തില്‍ പൊലീസിനൊപ്പം പോയ ഒരു എംബഡ്ഡഡ് ജേര്‍ണലിസ്റ്റ് കാണിച്ച മൃഗീയത ആരോ മൊബൈല്‍ ഫോണില്‍ എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടപ്പോള്‍ മാത്രമാണ് അസമില്‍ ദിവസങ്ങളായി നടന്നു കൊണ്ടിരുന്ന ഈ നരനായാട്ട് പുറംലോകമറിഞ്ഞത്.

ദരംഗ് ജില്ലയിലെ ധോല്‍പൂരില്‍ ഇക്കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ ഒഴിപ്പിക്കലും സംഘര്‍ഷങ്ങളും

ഈ വര്‍ഷം മെയ് 17നും ജൂണ്‍ 7നുമൊക്കെ സമാനമായ സംഭവങ്ങള്‍ അസമില്‍ നടന്നിട്ടുണ്ട്. ‘വനഭൂമി കയ്യടക്കിയ അന്യനാട്ടുകാരെ കുടിയിറക്കി തദ്ദേശീയര്‍ക്ക് ഭൂമി നല്‍കുക’ എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാവുന്നത്. പക്ഷെ വനഭൂമി, അന്യനാട്ടുകാരന്‍, കയ്യേറ്റം മുതലായ വാക്കുകള്‍ക്കൊന്നും നിയമ വ്യവസ്ഥയോ കോടതികളോ അല്ല അസമില്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയാണ്.

ഉദാഹരണത്തിന് സപ്തംബര്‍ 10ന് ദരംഗ് ജില്ലയില്‍ കുടിയൊഴിപ്പിക്കാനുള്ള തീരുമാനം ജില്ലാഭരണകൂടം കൈക്കൊണ്ടിരുന്നുവെങ്കിലും സി.ആര്‍.പി.എഫ് ജവാന്‍മാരെ തോക്കുകളും ബുള്‍ഡോസറുകളുമായി പറഞ്ഞയക്കുന്നതിന്റെ തലേദിവസമാണ് അംഗനവാടി ടീച്ചര്‍മാരിലൂടെ ഈ നോട്ടീസുകള്‍ ബന്ധപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്. കോടതിയില്‍ പോയാല്‍ ‘നിയമപ്രകാരമുള്ള’ കുടിയൊഴിപ്പിക്കല്‍ നടക്കാന്‍ പോകുന്നില്ലെന്ന ഉറച്ച ബോധ്യം ജില്ലാ ഭരണകൂടത്തിനും അവരുടെ രാഷ്ട്രീയ യജമാനന്‍മാര്‍ക്കും ഉണ്ടായിരുന്നുവെന്നര്‍ത്ഥം.

വര്‍ഷങ്ങള്‍ക്ക് മുമ്പെ നന്ദിഗ്രാമും സിംഗൂരും കത്തി നിന്ന കാലത്ത് രാജ്യത്തെ മാധ്യമങ്ങളുടെ ഉല്‍സാഹം ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ? കേരളത്തില്‍ നിന്നു മാത്രമല്ല അങ്ങ് വാഷിംഗ്ടണില്‍ നിന്നും ലണ്ടനില്‍ നിന്നുമൊക്കെ റിപ്പോര്‍ട്ടര്‍മാര്‍ പശ്ചിമ ബംഗാളിലേക്ക് ഒഴുകിയെത്തി. മലേഷ്യയിലെ സലീം ഗ്രൂപ്പിനു വേണ്ടി നന്ദിഗ്രാമിലെ കൃഷിഭൂമികള്‍ ബലമുപയോഗിച്ച് ഒഴിപ്പിക്കാന്‍ അന്നത്തെ സി.പി.ഐ.എം മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ തീരുമാനിച്ചപ്പോള്‍ ലോകം മുഴുവനും കുലുങ്ങിയതു പോലെയായിരുന്നു കാഴ്ച. ഇന്ന് ദറംഗിലെ ദാല്‍പൂരില്‍ അതിനേക്കാള്‍ ഭയാനകമായ രീതിയില്‍ മറ്റൊരു സര്‍ക്കാര്‍ അഴിഞ്ഞാടുകയാണ്.

ബുദ്ധദേബ് ഭട്ടാചാര്യ

പൗരത്വ രജിസ്റ്ററിനു മുമ്പുള്ള കാലത്ത് അനധികൃത കുടിയേറ്റങ്ങള്‍ എന്ന തെറിവിളി കൊണ്ട് ഒതുക്കാമായിരുന്നു കാര്യങ്ങള്‍. ഇന്നതല്ല ചിത്രം. ദാല്‍പൂരിലെ ജനങ്ങള്‍ പൗരത്വ പട്ടികയിലെ സ്വന്തം പേരുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഹേമന്ത ബിശ്വാസിന്റെ വംശവെറിയന്‍ സര്‍ക്കാറിന്റെ മുഖത്തു തുപ്പുന്നത്. അയാളുടെ അനുജന്‍ സുശാന്ത ബിശ്വ ശര്‍മ്മ നടത്താന്‍ തീരുമാനിച്ച ഒരു ബിസിനസ് പ്രൊജക്ടിനു വേണ്ടിയാണ് 20,000ത്തോളം മനുഷ്യാത്മാക്കളെ കോരിച്ചൊരിയുന്ന മഴയത്ത്, അതും വ്യാപകമായ കോവിഡ് കെടുതിക്കിടയില്‍ വീടുകളില്‍ നിന്നും ഇറക്കി വിട്ടത്.

പേരറിയുന്ന നാലോ അഞ്ചോ മുന്‍ തലമുറകള്‍ തൊട്ട് അതിനു മുമ്പുള്ള ഉപ്പാപ്പമാര്‍ വരെ കൃഷി ചെയ്തു ജീവിച്ച മണ്ണ് ഒറ്റ രാത്രികൊണ്ട് ബുള്‍ഡോസറുകള്‍ ഉഴുതുമറിച്ചു. മോദി സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമത്തിനനുസൃതമായി രൂപം കൊടുത്ത ഗോരുകുടി ബഹുമുഖ ഫാമിനു വേണ്ടി ജില്ലാ ഭരണകൂടം കണ്ടെത്തിയ ദാല്‍പൂരിലെ ഒന്നും മൂന്നും ഡിവിഷനുകളില്‍ 8000 ബിഗ ഭൂമിയില്‍ നിന്ന് (ഏകദേശം 5000ത്തോളം ഏക്കര്‍) ഒറ്റ പകലിന്റെ നോട്ടീസും 1200 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് തലമുറകളായി അവിടെ കൃഷി ചെയ്തു ജീവിച്ച 900ത്തോളം കുടംബങ്ങളുടെ അവകാശങ്ങള്‍ കീഴ്മേല്‍ മറിച്ചത്.

നിയമപരമായി തന്നെ എല്ലാ അര്‍ത്ഥത്തിലുമുള്ള പൗരന്‍മാര്‍, ഭൂനികുതി ഒടുക്കുന്നവര്‍, അവര്‍ക്ക് മാന്യമായ ഒരു പാക്കേജ് പോലും അനുവദിക്കാതെ, കോടതി കയറാനോ അതല്ലെങ്കില്‍ ഒഴിഞ്ഞുപോകാനുളള സാവകാശം പോലും നല്‍കാതെയാണ് അനിയന്റെ പദ്ധതിക്ക് ചേട്ടന്‍ മുഖ്യമന്ത്രി സ്ഥലം കണ്ടെത്തിയത്. ഇതില്‍ തന്നെ ഒന്നാം ഡിവിഷനില്‍ പെട്ട 48 കുടുംബങ്ങളെ ഒഴിപ്പിച്ചത് ശിവക്ഷേത്രത്തിന് സ്ഥലം കണ്ടെത്തുന്നതിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കയ്യേറിയ സ്ഥലം ഒഴിപ്പിച്ചെടുത്ത ജില്ലാ ഭരണകൂടത്തെ മുഖ്യമന്ത്രി ഇതിനകം അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പക്ഷേ കയ്യേറ്റമെന്ന വാക്ക് ഒരു മുഖ്യമന്ത്രി ഉപയോഗിക്കുമ്പോള്‍ മിനിമം നിയമസാധുതയെങ്കിലും ഉണ്ടാവണമായിരുന്നു. ജനങ്ങള്‍ പതിറ്റാണ്ടുകളായി നികുതി കൊടുത്ത, കൃഷി ചെയ്ത, അവരുടെ വീടുകളും പള്ളികളും പള്ളിക്കൂടങ്ങളുമുള്ള സ്ഥലമാണ് ഒരു മുഖ്യമന്ത്രി പിടിച്ചു പറിക്കാന്‍ കൂട്ടുനിന്നത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ

2016ല്‍ കാസിരങ്കയിലെയും ബാര്‍പേട്ടയിലെയും ചില ഗ്രാമങ്ങളില്‍ നിന്ന് ഇതുപോലെ കൂട്ടത്തോടെയുള്ള കുടിയൊഴിപ്പിക്കലുകള്‍ നടന്നതിന് ശേഷം ഈ ലേഖകന്‍ അസം സന്ദര്‍ശിച്ചിരുന്നു. പലതരം ന്യായങ്ങളാണ് പ്രദേശത്തെ ബി.ജെ.പി നേതാക്കള്‍ അന്ന് പറഞ്ഞു കൊണ്ടിരുന്നത്. മിച്ചഭൂമി കയ്യേറിയവരെയാണ് ഒഴിപ്പിച്ചതെന്നാണ് അവര്‍ പ്രധാനമായും പറഞ്ഞുകൊണ്ടിരുന്ന ന്യായം. ഉദ്യോഗസ്ഥന്‍മാരിലൊരാള്‍ പോലും നാഷണല്‍ മീഡിയയുടെ മുമ്പാകെ വരാനോ അവര്‍ ‘നിയമപരമായി’ എടുത്ത ഈ നടപടിയെ കുറിച്ച് വിശദീകരിക്കാനോ അന്ന് തയാറുണ്ടായിരുന്നില്ല. ഫോണില്‍ സന്ദര്‍ശനാനുമതി നല്‍കിയതിനു ശേഷം ഓഫീസില്‍ നിന്നും മുങ്ങിയ ജില്ലാ കലക്ടറെയും പ്രതീക്ഷിച്ച് വൈകുന്നേരം വരെയും അദ്ദേഹത്തിന്റെ ബാര്‍പേട്ട ഓഫീസില്‍ കാത്തു നിന്നത് എനിക്കോര്‍മ്മയുണ്ട്.

എന്നാല്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പെ മരിച്ച വല്യുപ്പയുടെതടക്കം ഖബറുകളുള്ള ഭൂമിയില്‍ നിന്നാണ് അന്നവിടെയുള്ളവരെ ഇറക്കിവിട്ടത്. അതിലൊക്കെ ഒരുതരം ആനന്ദമൂര്‍ഛയായിരുന്നു പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തരുടെയും വാക്കുകളില്‍. ബംഗ്ളാദേശി, നുഴഞ്ഞുകയറ്റക്കാരന്‍ എന്നീ വാക്കുകള്‍ ഉപയോഗിച്ചല്ലാതെ ഈ പാവം കര്‍ഷകരെ അവരാരും വിശേഷിപ്പിക്കുന്നുണ്ടായിരുന്നില്ല. ബാര്‍പേട്ടയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഉള്‍നാടുകളില്‍ ആരുമാറിയാതെ നടന്ന ഈ ക്രൂരതയുടെ ഇരകളായവര്‍ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കു ശേഷവും ഭൂരഹിതരായി അലയുകയാണ്.

അവരില്‍ ചിലരൊക്കെ ഇടക്ക് ബന്ധപ്പെടാറുണ്ടായിരുന്നു, അസം സര്‍ക്കാറില്‍ നിന്നും നീതി കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നന്വേഷിച്ച്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ കുടുബത്തെയടക്കം പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയപ്പോഴും അസമിലെ മഹാഭൂരിപക്ഷം മുസ്ലിങ്ങളും ആശ്വസിക്കുകയാണ് ചെയ്തത്. ഒരു സമുദായമൊന്നടങ്കം വേട്ടയാടപ്പെടുന്ന ചിത്രം അവരില്‍ ചെറിയൊരു ന്യൂനപക്ഷത്തിലേക്കു മാത്രമായി ചുരുങ്ങിയതിന്റെ ആശ്വാസമായിരുന്നു അത്.

മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ്‌

ദല്‍ഹി സര്‍വ്വകശാലയിലെ മുന്‍ അധ്യാപകനായിരുന്ന പ്രൊഫ. ഹിരേണ്‍ ഗോഹൈന്‍ അന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി. ‘എണ്‍പതോ അതിലേധികമാ ശതമാനം മുസ്ലിങ്ങള്‍ ബംഗ്ലാദേശികളാണെന്ന് പറഞ്ഞു നടന്നവര്‍ ഇനിയെന്ത് ചെയ്യും? സാധ്യമായ എല്ലാ സാങ്കേതികത്വങ്ങളും പ്രയോഗിച്ചതിനു ശേഷവും പുറത്തുവന്ന പട്ടികയില്‍ കൂടുതലുള്ള ബംഗ്ലാദേശികള്‍ ആരെന്ന് പറയാന്‍ അവര്‍ക്കിപ്പോള്‍ ധൈര്യമില്ലാതായിരിക്കുന്നു’

ഇന്ത്യയില്‍ ഏറ്റവും കൊടിയ അളവില്‍ വംശീയ വിരോധം നിലനില്‍ക്കുന്ന അസമിനെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ പൊതുവെ ഒന്നും മിണ്ടാറില്ല. ‘സംശയാസ്പദ വോട്ടര്‍’ അഥവാ ഡി വോട്ടര്‍ എന്ന പേരില്‍ ഭരണഘടന എവിടെയും നിര്‍വചിച്ചിട്ടില്ലാത്ത ഒരു കൂട്ടം ജനങ്ങള്‍ ഇപ്പോഴും നിലവിലുള്ള സംസ്ഥാനമാണത്. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ കച്ചേരിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ വോട്ടര്‍പട്ടികയെടുത്തുവെച്ച് ധരണികാന്ത് ഗോസ്വാമിയുടെ ആ ‘സിദ്ധാന്തം’ മനസ്സിലുള്‍ക്കൊണ്ട് കുറെ പേരുകളുടെ ചുവടെ ചുവപ്പു മഷി കൊണ്ട് അടിവരയിടുന്നു. അയാള്‍ക്ക് സംശയം തോന്നിയാല്‍ ഒരാള്‍ ഡി.വോട്ടറായി. അവന്റെ ഉപ്പയും ഉമ്മയുമൊക്കെ ഇന്ത്യന്‍ പൗരന്‍മാരും വോട്ടര്‍മാരുമായിരിക്കവെയായിരിക്കും മകന്‍ ‘ബംഗ്ലാദേശി’യായി മാറുന്നത്!

ലക്ഷക്കണക്കിന് കേസുകളാണ് അസമില്‍ ഇങ്ങനെ ഉണ്ടായിരുന്നത്. പരാതി പറയാന്‍ രേഖകളുമായി കച്ചേരിയില്‍ പോയാല്‍ പരിശോധിക്കാനായി അവ വാങ്ങിവെച്ച് മടക്കി അയക്കും. പിന്നീടൊരിക്കലും ഈ രേഖകള്‍ വെളിച്ചം കാണില്ല. അങ്ങനെ എത്രയെത്ര കുടുംബങ്ങളെ അസമില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ വഴിയാധാരമാക്കിയിട്ടുണ്ട് എന്നറിയുമോ? ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കളാവേണ്ടിയിരുന്ന മാധ്യമങ്ങള്‍ ഈ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടിലെന്നു നടിച്ച് അറവുശാലയുടെ മുന്നിലെ കൊടിച്ചിപ്പട്ടികളായി മാറി.

വെടിയേറ്റു വീണ് അവസാനത്തെ ശ്വാസമെടുക്കുന്ന ഒരു കര്‍ഷകന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടിയ ബിജോയ് ബോനിയ ഇന്ത്യയിലെ മഹാഭൂരിപക്ഷം മാധ്യമങ്ങളുടെയും അസമിലെ ജനങ്ങളുടെയും യഥാര്‍ഥ പ്രതിനിധി തന്നെയാണ്. നമുക്കു ചുറ്റുമുള്ള പലരുടെയും മാനസപുത്രനായും അയാള്‍ മാറുന്നുണ്ട്. പ്രധാനമന്ത്രി മുതല്‍ ഏതോ അണ്ടിമുക്ക് ശാഖയിലെ വെറുമൊരു കൊടിയേന്തി സംഘപരിവാറുകാരന്‍ വരെ ഇയാളെയോര്‍ത്ത് അഭിമാനം കൊള്ളുന്ന, ഇനി അഥവാ നിയമം പേരിനയാള്‍ക്ക് ഒരു ശിക്ഷ കൊടുത്താല്‍ തന്നെയും, ഭാവിയില്‍ പ്രതാപ് ചന്ദ്ര സാരംഗിയെ പോലെയോ പ്രഗ്യാ സിംഗ് താക്കൂറിനെ പോലെയോ അസമിലെ എം.എല്‍.എയോ എം.പിയോ ഒക്കെ ആയി കാലചക്രത്തില്‍ അവതരിക്കാന്‍ പോകുന്ന ഒരു പുണ്യജന്‍മമായിരിക്കും ഈ ബോനിയയുടെത്. ഒരു സംശയവും വേണ്ട.

പ്രശ്നം ഭരണഘടനയുടേതാണ്. അത് സംരക്ഷിക്കുക എന്നത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തിന്റെയും ബാധ്യതയേ അല്ലാതായിരിക്കുന്നു. പൗരനായാലും രാഷ്ട്രപതിയുടെ പേരക്കുട്ടികളായാലുമൊക്കെ മതം നോക്കിയാണ് നിയമവും നിയമവാഴ്ചയുമെന്ന തത്വമാണ് ബി.ജെ.പി നടപ്പിലാക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Assam, Laboratory of Racial Politics – A Rasheedudheen writes

എ. റശീദുദ്ദീന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍.

Latest Stories