ദിസ്പുര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു വരുന്നതിനിടെ അസമില്‍ 426 മുസ്‌ലീം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍ നടപടി. മുസ്‌ലീം കുടുംബങ്ങളുടെ വീടുകളും വാസസ്ഥലങ്ങളും ബലപ്രയോഗത്തിലൂടെ പൊളിച്ചു നീക്കുകയായിരുന്നു.
ബി.ജെ.പി എം.എല്‍.എയായ പത്മഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കല്‍ നടപടികള്‍. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബങ്ങളുടെ വീടുകളാണ് കഴിഞ്ഞ ഡിസംബര്‍ 22ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ മണ്ഡലത്തിലാണ് സംഭവം. അസമില്‍ വോട്ടവകാശമുള്ള ഇവര്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന കാര്യം പറഞ്ഞായിരുന്നു എം.എല്‍.എയും ജില്ലാ ഭരണകൂടവും ഇവരെ കുടിയൊഴിപ്പിച്ചത്.
കൊടും തണുപ്പില്‍ താമസിക്കാനിടമില്ലാത്ത സാഹചര്യത്തിലാണ് ഇവര്‍. ഇവരെ ഭരണകൂടമോ മാധ്യമങ്ങളോ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. അസമില്‍ കഴിഞ്ഞ 10 ദിവസത്തോളമായി ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനാല്‍ വിവരങ്ങള്‍ പുറം ലോകമറിഞ്ഞിരുന്നില്ല.