4000ത്തോളം പേരെ ദുരിതത്തിലാക്കി അസം വെള്ളപ്പൊക്കം
ദിസ്പൂര്‍: കനത്ത മഴമൂലം അസമിലുണ്ടായ പ്രളയം നാലു ജില്ലകളിലായി 4000ത്തോളം പേരെ ബാധിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന. പ്രളയ ബാധിതരായ 168 പേരോളം അഞ്ച് ക്യാമ്പുകളിലായി അഭയം പ്രാപിച്ചതായും ദുരന്തനിവാരണ സേന അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ശനിയാഴ്ച യോഗം ചേര്‍ന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ഗുവാഹത്തിയുടെ വലിയൊരു ഭാഗം വെള്ളപ്പൊക്കം നേരിടുകയാണ്.
ഭവന നഗരകാര്യ ജലസേചന മന്ത്രി അശോക് സിംഗാല്‍ വെള്ളിയാഴ്ച ഗുവാഹത്തിയിലെ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിച്ചു. നിര്‍ത്താതെയുള്ള കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
‘ കഴിഞ്ഞ 48 മണിക്കൂറില്‍ മാത്രം ഗുവാഹട്ടിയില്‍ പെയ്തത് 167.80 മില്ലിലിറ്റര്‍ മഴയാണ്. എന്നാല്‍ സെപ്തംബര്‍ മാസത്തില്‍ ആകെ പെയ്ത മഴ 171 മില്ലീലിറ്ററാണ്’ മന്ത്രി എക്‌സില്‍ കുറിച്ചു.
ഭരേലു നദിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണത് വെള്ളി മിറങ്ങുന്നതിന് തടസ്സമായി. ഇത് നദിയിലേക്കുള്ള മഴ വെള്ളത്തിന്റെ ഒഴുക്ക് കുറച്ചു. ഗുവാഹത്തി നഗരത്തില്‍ നിന്നും വെള്ളം ഒഴിക്കിവിടാനുള്ള സാഹചര്യങ്ങളൊരുക്കാന്‍ ജീവനക്കാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടതായി സിംഗാല്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി ഉദ്യോഗസ്ഥര്‍ നിരന്തരമായി പ്രയത്‌നിക്കുകയാണെന്നും ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉടനടിയുള്ള പ്രശ്‌ന പരിഹാരത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
തങ്ങള്‍ നഗരത്തിനു ചുറ്റുമുള്ള നദികളുടെ സംവിധാനം ശക്തിപ്പെടുത്തും. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ മഴയുടെ ആഘാതം കുറയ്ക്കാന്‍ സാധിക്കും യോഗത്തിന് ശേഷം ശര്‍മ എക്‌സില്‍ കുറിച്ചു.
content highlight: Ministers response on assam flood