ഗുവാഹത്തി: ഇ.വി.എമ്മുകള്‍ ബി.ജെ.പി നേതാവിന്റെ കാറില്‍ കണ്ടെത്തിയ അസമിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. നാല് പോളിംഗ് ബൂത്തുകളിലാണ് ഏപ്രില്‍ 20 ന് റീപോളിംഗ് നടത്താന്‍ കമ്മീഷന്‍ ഉത്തവിട്ടത്.
ഏപ്രില്‍ ഒന്നിനായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് നടന്നതിന് ശേഷം ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇ.വി.എം രാത്രിയോടെ കണ്ടെത്തുകയായിരുന്നു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കൃഷ്ണേന്ദു പോളിന്റെ കാറിലാണ് ഇ.വി.എം കണ്ടെത്തിയത്. കാറില്‍ ഇ.വി.എം കണ്ടെത്തിയ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നാണ് കൃഷ്‌ണേന്ദു പോള്‍ പറഞ്ഞത്. താന്‍ ഇ.വി.എം മോഷ്ടിച്ചു കൊണ്ടുപോയതല്ലെന്നും ആ സമയത്ത് തന്റെ ഡ്രൈവറായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്നും പോള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സഹായം ചോദിച്ചപ്പോള്‍ അവരെ സഹായിക്കുകയായിരുന്നെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നുമാണ് കൃഷ്‌ണേന്ദു പോള്‍ പറഞ്ഞത്.
ഗുവാഹത്തിയിലെ മാധ്യമപ്രവര്‍ത്തകന്‍ അതനു ബുയാനായിരുന്നു ബി.ജെ.പി നേതാവിന്റെ സ്വകാര്യ വാഹനത്തില്‍ ഇ.വി.എം കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഇ.വി.എം കയറ്റിയ വാഹനം നാട്ടുകാര്‍ തടയുകയും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരും ബി.ജെ.പി എം.എല്‍.എയും ചില പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
എന്നാല്‍ പോളിങ് കഴിഞ്ഞ് ഇ.വി.എമ്മുമായി സ്‌ട്രോങ് റൂമിലേക്ക് പോകുന്ന വഴി തങ്ങളുടെ വാഹനം കേടായെന്നും പിറകെയെത്തിയ മറ്റൊരു വാഹനം ലിഫ്റ്റ് തന്നപ്പോള്‍ അതില്‍ കയറുകയായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക