ഗുവാഹത്തി ഹൈക്കോടതിയിലായിരിക്കും കോണ്‍ഗ്രസ് പൊതുതാല്‍പര്യ ഹരജി നല്‍കുക. മഹാരാഷ്ട്രയിലെ എം.എല്‍.എമാര്‍ അസമില് നിന്ന് തിരിച്ചുപോകാന്‍ നടപടിയെടുക്കണമെന്നും കോടതിയോട് ആവശ്യപ്പെടും.
സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുമ്പോഴും മഹാരാഷ്ട്രയില്‍ നിന്നുള്ള എം.എല്‍.എമാരെ സംരക്ഷിക്കുകയാണ് ഹിമന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപെന്‍ കുമാര്‍ ബോറ ആരോപിച്ചു.
അതേസമയം, ബി.ജെ.പി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസുമായി ശിവസേനാ വിമത എം.എല്‍.എ ഏക്‌നാഥ് ഷിന്‍ഡെ കൂടിക്കാഴ്ച നടത്തി. പുതിയ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.
പ്രത്യേക വിമാനത്തിലായിരുന്നു ഗുവാഹത്തിയില്‍ നിന്നും വഡോദരയിലേക്ക് ഷിന്‍ഡെ എത്തിയത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെക്കണമെന്നില്ലെന്നും ശിവസേന ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മതിയെന്നുമായിരുന്നു നേരത്തെ ഏക്‌നാഥ് ഷിന്‍ഡെ ആവശ്യമുന്നയിച്ചത്. ഇത് സംബന്ധിച്ച് ശിവസേന വ്യക്തമായ നിലപാട് അറിയിച്ചിരുന്നില്ല.
ശനിയാഴ്ച ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിവസേനയുടെ നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ഏക്‌നാഥ് ഷിന്‍ഡെയോ മറ്റ് വിമത എം.എല്‍.എമാരോ ശിവസേനയുടെ പിതാവായ ബാലസാഹെബിന്റെ പേര് ഉപയോഗിക്കരുത് എന്നായിരുന്നു യോഗത്തിലെ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചിരുന്നു.
Content Highlight: Assam Congress to approach High court to send Maharashtra rebel MLAs back