|

കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു; അസമില്‍ സംസ്ഥാനാധ്യക്ഷന്‍ രാജിവെച്ചു; ജാര്‍ഖണ്ഡില്‍ ഉടന്‍ രാജിയുണ്ടായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ രാജിവെയ്ക്കുന്നതു തുടരുന്നു. നേരത്തേ ഉത്തര്‍പ്രദേശ്, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളിലായിരുന്നു രാജിയെങ്കില്‍ പുതുതായി അസമിലാണ് അതുണ്ടായിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ റിപുന്‍ ബോറ രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അയച്ചുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജി.

അതിനിടെ ജാര്‍ഖണ്ഡ് അധ്യക്ഷന്‍ ഡോ. അജയ് കുമാര്‍ രാജിസന്നദ്ധത അറിയിച്ചു. സംസ്ഥാനത്ത് പാര്‍ട്ടി ഒരു ലോക്‌സഭാ സീറ്റില്‍ മാത്രമായി ഒതുങ്ങിപ്പോയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തോല്‍വിക്കു കാരണം എന്തൊക്കെയാണെങ്കിലും അധ്യക്ഷസ്ഥാനത്തു തുടരാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു ബോറ പറഞ്ഞത്. പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണു താനെന്നും ഒരു പുതിയ പിന്‍ഗാമി തന്റെ സ്ഥാനത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ 14 ലോക്‌സഭാ സീറ്റുകളില്‍ ഒമ്പതെണ്ണവും ബി.ജെ.പി നേടിയപ്പോള്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്.

നേരത്തേ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, ഒഡിഷയിലെ അധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക് എന്നിവരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവന്‍ എച്ച്.കെ പാട്ടീലുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാജിക്കത്ത് അയച്ചത്.

ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 63 എണ്ണത്തില്‍ ബി.ജെ.പി ജയിക്കുകയും രാഹുലിന്റെ സീറ്റ് പരാജയപ്പെട്ടതുമാണ് രാജിവെയ്ക്കാന്‍ ബബ്ബറിനെ പ്രേരിപ്പിച്ചത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെയ്ക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഒഡിഷയിലെ 147 മണ്ഡലങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം കണ്ടത് ഒമ്പത് സീറ്റില്‍ മാത്രമാണ്. കഴിഞ്ഞതവണ 16 സീറ്റ് നേടിയിരുന്നു. അതേസമയം കഴിഞ്ഞതവണ ഒരു സീറ്റ് പോലും ഒഡിഷയിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാനാവാതെ പോയ കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റ് നേടി. 21 സീറ്റുകളാണ് സംസ്ഥാനത്താകെയുള്ളത്.

ഒഡിഷ സംസ്ഥാനാധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക്കിനും മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും വിജയിക്കാനായില്ലെന്നതാണു ശ്രദ്ധേയം. ഭണ്ഡാരിപോഖാരി, ഘാസിപുര മണ്ഡലങ്ങളില്‍ മത്സരിച്ച നിരഞ്ജനും ബാലസോറില്‍ നിന്നു മത്സരിച്ച അദ്ദേഹത്തിന്റെ മകന്‍ നബജ്യോതി ദാസും പരാജയപ്പെട്ടു.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാംതവണയാണ് ബി.ജെ.ഡി അധികാരത്തിലെത്തുന്നത്. നവീന്‍ പട്നായിക്ക് തന്നെയാണ് നാലാംതവണയും മുഖ്യമന്ത്രിയാവുക. 112 സീറ്റാണ് അവര്‍ നേടിയത്. അതേസമയം പത്തില്‍ നിന്ന് 23 നിയമസഭാ സീറ്റ് നേടി ബി.ജെ.പി പ്രതിപക്ഷപാര്‍ട്ടിയായി മാറി. ലോക്സഭയില്‍ 20 സീറ്റില്‍ നിന്ന് ബി.ജെ.ഡി 12 സീറ്റിലേക്കു കൂപ്പുകുത്തിയിട്ടുണ്ട്. ബി.ജെ.പി എട്ട് സീറ്റുകള്‍ നേടി സംസ്ഥാനത്തു വ്യക്തമായ സാന്നിധ്യം അറിയിച്ചതോടെയാണിത്.

അതേസമയം കര്‍ണാടകയിലെ 28 സീറ്റുകളില്‍ 25 എണ്ണവും ബി.ജെ.പിക്കൊപ്പമാണു നിന്നത്. ഒരെണ്ണം മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. സഖ്യകക്ഷിയായ ജെ.ഡി.എസിനു ലഭിച്ചത് ഒരു സീറ്റാണ്. 2014-ല്‍ കോണ്‍ഗ്രസിന് ഒമ്പത് സീറ്റ് ലഭിച്ചിരുന്നു.

Latest Stories