അസം നിയമസഭയ്ക്കുള്ളില്‍ കൈമുറിച്ച് ചോര കൊണ്ട് ബി.ജെ.പി സര്‍ക്കാരിനെതിരെ മുദ്രാവാക്യമെഴുതി കോണ്‍ഗ്രസ് എം.എല്‍.എ
India
അസം നിയമസഭയ്ക്കുള്ളില്‍ കൈമുറിച്ച് ചോര കൊണ്ട് ബി.ജെ.പി സര്‍ക്കാരിനെതിരെ മുദ്രാവാക്യമെഴുതി കോണ്‍ഗ്രസ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2019, 3:51 pm

ഗുവാഹത്തി: അസം നിയമസഭയ്ക്കുള്ളില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ പ്രതിഷേധുമായി കോണ്‍ഗ്രസ് എം.എല്‍.എ.

തന്റെ ഇടത് കൈ ബ്ലേഡ് കൊണ്ട് മുറിക്കുകയും രക്തം കൊണ്ട് നിയമസഭയ്ക്കുള്ളില്‍ ഇരുന്ന് കടലാസില്‍ സര്‍ക്കാരിനെതിരെ ചില കാര്യങ്ങള്‍ കുറിക്കുകയുമായിരുന്നു എം.എല്‍.എ. മരിയാനിയിലെ എം.എല്‍.എ രൂപ്‌ജ്യോതി കര്‍മിയാണ് ഉള്ളം കൈമുറിച്ച രക്തം കൊണ്ട് പേപ്പറില്‍ സര്‍ക്കാരിനെതിരെ എഴുതിയത്. സഭയുടെ ശൈത്യകാല സമ്മേളനത്തിനിടെയായിരുന്നു സംഭവം.

സംസ്ഥാനത്തെ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപടിക്കെതിരെയായിരുന്നു എം.എല്‍.എയുടെ പ്രതിഷേധം. സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന രണ്ട് തേയിലത്തോട്ടങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

ഒരു പത്രപ്രവര്‍ത്തകന്‍ വിഷയം നിയമസഭാ അതോറിറ്റിയെ അറിയിക്കുന്നതുവരെ പത്ത് മിനിറ്റോളം നേരെ അദ്ദേഹം തറയില്‍ കുത്തിയിരുന്ന് രക്തം കൊണ്ട് പേപ്പറില്‍ എഴുതുകയായിരുന്നു. ഇതിന് പിന്നാലെ ഡോക്ടര്‍മാരെ സഭയില്‍ എത്തിക്കുകയും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാഗോണിലെ പേപ്പര്‍ മില്‍ (എന്‍.പി.എം), കച്ചാര്‍ പേപ്പര്‍ മില്‍ (സി.പി.എം) എന്നീ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് രൂപ് ജ്യോത് കര്‍മി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നമാമി ബ്രഹ്മപുത്രയും പുഷ്‌കര്‍ മേളയും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചു. ഗുവാഹത്തിയില്‍ ഫിലിംഫെയര്‍ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കാന്‍ അടുത്ത വര്‍ഷം ഇതിലും വലിയ തുക ചിലവഴിക്കും. മരിച്ചവരുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇങ്ങനെയൊക്കെ ആയിട്ടും എന്തുകൊണ്ടാണ് രണ്ട് പേപ്പര്‍ മില്ലുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയാത്തത്? – അദ്ദേഹം ചോദിച്ചു.

രണ്ട് പേപ്പര്‍ മില്ലുകളിലുമായി ജോലി ചെയ്തിരുന്ന നിരവധി ജീവനക്കാര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. ഇനി ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയെങ്കിലും നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ- അദ്ദേഹം ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ല എം.എല്‍.എയുടെ പ്രതിഷേധമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ‘അദ്ദേഹം ഈ പ്രവൃത്തി ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇക്കാര്യം ഒരിക്കലും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല’- എന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.

വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇവ രണ്ടും. പ്രതിവര്‍ഷം 1 ലക്ഷം മെട്രിക് ടണ്‍ വാണിജ്യ ഉത്പാദന ശേഷിയുള്ള മില്ലുകള്‍ 1985 നും 1988 നുമാണ് സ്ഥാപിതമായത്.

കച്ചാര്‍ പേപ്പര്‍ മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ 2015 സെപ്റ്റംബര്‍ മുതല്‍ നിര്‍ത്തിവച്ചിരിക്കുന്നു. നാഗോണ്‍ പേപ്പര്‍ മില്‍ 2016 മാര്‍ച്ചിലും അടച്ചുപൂട്ടി.

ഇവിടുത്തെ സ്ഥിരം ജീവനക്കാരുടെ എണ്ണം 1500 ഓളം ആണെങ്കിലും മുള മുറിക്കല്‍ മുതല്‍ ഉല്‍പാദനം പൂര്‍ണമാകുന്നതുവരെ ഏതാണ്ട് രണ്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചിരുന്നു. രണ്ട് കമ്പനികളിലുമായി 1400 കോടി രൂപയുടെ ബാധ്യതകള്‍ ഉണ്ടെന്നാണ് കണക്ക്.