| Saturday, 11th January 2025, 3:43 pm

അസം കല്‍ക്കരി ഖനി ദുരന്തം; മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: അസമിലെ ഉമറങ്‌സോ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളില്‍ നാല് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്.

ഇന്ന് (ശനിയാഴ്ച) രാവിലെ കലാമതി ഗ്രാമത്തിലുള്ള ലിജെന്‍ മഗറിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നീട് പുറത്തെടുത്ത രണ്ട് മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

ഖനിക്കുള്ളില്‍ നിലവിലും ജലനിരപ്പ് ഉയരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമായാണ് മുന്നോട്ട പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും കുടുങ്ങി കിടക്കുന്ന തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

തൊഴിലാളികള്‍ കുടുങ്ങി മുന്നാം ദിവസം (ബുധനാഴ്ച) ഗംഗാ ബഹാദൂര്‍ ശ്രേഷ്‌ഠോ എന്ന തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

ഒ.എന്‍.ജി.സിയുടെയും കോള്‍ ഇന്ത്യയുടെയും പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 300അടിയിലധികം താഴ്ചയുള്ള ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്.

ജലനിരപ്പ് ഉയരുന്നത് വെള്ളത്തിനടിയിലെ മാപ്പിങ്ങിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ മുങ്ങല്‍ വിദഗ്ദര്‍ക്ക് ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഖനിയിലേക്ക് ഓക്‌സിജനും കൃത്രിമ വെളിച്ചവും നല്‍കിയിട്ടുണ്ടെന്നും ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റിയാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

ജനുവരി ആറിനാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറങ്‌സോയില്‍ ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്.

മലയോര ജില്ലയിലെ ഉമറങ്‌സോ മേഖലയിലെ ടിന്‍ കിലോ എന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാരിന്റെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പ് പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിക്കുള്ളില്‍ തിങ്കളാഴ്ച രാവിലെയോടെ ജോലിക്ക് പോയ തൊഴിലാളികള്‍ വെള്ളപ്പൊക്കം മൂലം കുടുങ്ങുകയായിരുന്നു.

Content Highlight: Assam Coal Mine Disaster; The bodies of three more workers were found

We use cookies to give you the best possible experience. Learn more