അസം കല്‍ക്കരി ഖനി ദുരന്തം; കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു
national news
അസം കല്‍ക്കരി ഖനി ദുരന്തം; കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2025, 2:46 pm

ദിസ്പൂര്‍: അസമില്‍ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട എട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഖനിയിലെ വെള്ളം വറ്റിക്കാന്‍ കോള്‍ ഇന്ത്യ 500 ജി.പി.എമ്മിന്റെ പമ്പ് സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലെ ക്വാറിയില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന മുങ്ങല്‍ വിദഗ്ദര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇക്കാരണത്താല്‍ രക്ഷാ പ്രവര്‍ത്തനം വൈകുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പിന്നാലെ വെള്ളം ഒഴിവാക്കാനുള്ള ശ്രമത്തില്‍ കോള്‍ ഇന്ത്യ പമ്പ് സ്ഥാപിക്കാനുള്ള തീരുമാനത്തിലെത്തിയത്. ഇന്‍സ്റ്റലേഷനിലൂടെ 24 മണിക്കൂര്‍ സമയത്തില്‍ 500 ഗാലന്‍ വെള്ളം ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്നും നോര്‍ത്ത് ഈസ്‌റ്റേണ്‍ കല്‍ക്കരി ഫീല്‍ഡ് ജനറല്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഖനിയില്‍ കുടുങ്ങി കിടക്കുന്ന രക്ഷാപ്രവര്‍ത്തന ശ്രമത്തില്‍ ഒരു മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഖനിയിലെ വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുന്നതായും വിവിധ ഏജന്‍സികള്‍ ശ്രമിച്ചിട്ടും ഖനിക്കുള്ളിലെ ജലനിരപ്പില്‍ ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ സേന സംഘത്തിന്റെ കമാന്റിങ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ഖനിക്കുള്ളില്‍ വലിയ തോതിലുള്ള തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ജലനിരപ്പ് കുറയക്കാന്‍ ശ്രമിക്കുമ്പോഴും അതിന്റെ തോത് വര്‍ധിച്ചുവരികയാണെന്നും ഇന്‍സ്‌പെക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യന്‍ നാവികസേനയും കരസേനയും എന്‍.ഡി.ആര്‍.എഫും സംയുക്തമായ ശ്രമത്തിലാണെന്നും സഹായത്തിനായി മുങ്ങല്‍ വിദഗ്ദരെ വിളിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനുവരി ആറിനാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറങ്സോയില്‍ ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്.

മലയോര ജില്ലയിലെ ഉംറംഗ്ഷൂ മേഖലയിലെ ടിന്‍ കിലോ എന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാരിന്റെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പ് പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിക്കുള്ളില്‍ തിങ്കളാഴ്ച രാവിലെയോടെ ജോലിക്ക് പോയ തൊഴിലാളികള്‍ വെള്ളപ്പൊക്കം മൂലം കുടുങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേപ്പാളിലെ ഉദയാപൂര്‍ ജില്ലയില്‍ നിന്നുള്ള ഗംഗാ ബഹാദൂര്‍ ശ്രേത്, പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ നിന്നുള്ള സഞ്ജിത് സര്‍ക്കാര്‍ എന്നിവരും കാണാതായവരില്‍ ഉള്‍പ്പെടുന്നുവെന്ന് ശര്‍മ പറഞ്ഞു. ബാക്കി തൊഴിലാളികള്‍ അസമിലെ ദരാംഗ്, കൊക്രജാര്‍, ദിമ ഹസാവോ, സോനിത്പൂര്‍ ജില്ലകളില്‍ ഖനിത്തൊഴിലാളികളായ ഗംഗാ ബഹാദൂര്‍ ശ്രേത്, ഹുസൈന്‍ അലി, ജാക്കിര്‍ ഹുസൈന്‍, സര്‍പ്പ ബര്‍മാന്‍, മുസ്തഫ സെയ്ഖ്, ഖുസി മോഹന്‍ റായ്, സഞ്ജിത് സര്‍ക്കാര്‍, ലിജന്‍ മഗര്‍, ശരത് ഗോയാരി എന്നിവരാണ്.

Content Highlight: Assam Coal Mine Disaster; Rescue operations continue for the trapped workers