ദിസ്പൂര്‍: അസമിലെ ദിമാ ഹസാവോ ജില്ലയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുളള രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദരെ പിന്‍വലിച്ചു. തൊഴിലാളികളെ ജീവനോടെ രക്ഷിക്കാന്‍ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലും ഖനിയില്‍ ജലനിരപ്പ് വര്‍ധിച്ചുവരുന്നതിനാലുമാണ് മുങ്ങല്‍ വിദഗ്ധരെ പിന്‍വലിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി ആറ് മുതല്‍ ഇന്നലെ വരെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ജലനിരപ്പ് വര്‍ധിച്ചുവരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളില്‍ നാല് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അഞ്ച് പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ തന്നെയാണണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാവികസേനയുടെ നേതൃത്വത്തിലുള്ള സംഘം ഖനിക്കുള്ളിലെ ജലനിരപ്പ് വറ്റിക്കാനുള്ള ശ്രമങ്ങള്‍ നത്തുകയും 300 അടിയോളം പോന്ന ഖനിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
തൊഴിലാളികള്‍ കുടുങ്ങി മുന്നാം ദിവസം (ബുധനാഴ്ച) ഗംഗാ ബഹാദൂര്‍ ശ്രേഷ്ഠോ എന്ന തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മൂന്ന് തൊഴിലാളികളുടെ മൃതദേഹം ശനിയാഴ്ചയും കണ്ടെത്തി. എന്നാല്‍ ബാക്കിയുള്ളവരെ കണ്ടെത്താന്‍ ഖനിക്കുള്ളിലെ ജലനിരപ്പ് വറ്റിക്കാന്‍ ശ്രമിച്ചിട്ടും കുറയാത്ത സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
ഖനിയില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നത് എവിടെ നിന്നാണെന്നും അതിന്റെ സ്രോതസ് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നു.
ജനുവരി ആറിനാണ് അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറങ്സോയില്‍ ഏകദേശം മുന്നൂറടിയോളം ആഴമുള്ള ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്.
മലയോര ജില്ലയിലെ ഉമറങ്സോ മേഖലയിലെ ടിന്‍ കിലോ എന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാരിന്റെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പ് പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനിക്കുള്ളില്‍ തിങ്കളാഴ്ച രാവിലെയോടെ ജോലിക്ക് പോയ തൊഴിലാളികള്‍ വെള്ളപ്പൊക്കം മൂലം കുടുങ്ങുകയായിരുന്നു.
കരസേനയും നാവിക സേനയുമുള്‍പ്പെടെയായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഖനിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഫലപ്രദമായിരുന്നില്ല. പിന്നാലെ വിവിധ ഏജന്‍സികള്‍ വെള്ളം വറ്റിക്കാന്‍ പമ്പ് ഉപയോഗിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സാധിച്ചിരുന്നു.