ന്യുദല്‍ഹി: അസം ദേശീയ പൗരത്വ പട്ടികയില്‍ പേരില്ലാത്ത പൗരന്മാരെ കണ്ടെത്തി നാടുകടത്തി അവരുടെ രാജ്യത്തേക്ക് പറഞ്ഞയക്കണമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി റാം മാധവ്. ദേശീയ പൗരത്വ പട്ടിക മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവലും പറഞ്ഞു.
ദേശീയ പൗരത്വ പട്ടിക വഴി നിയമവിരുദ്ധമായ കുടിയേറ്റക്കാരെ കണ്ടെത്താന്‍ കഴിയുമെന്നും അടുത്തത് ഇവരെ വോട്ടര്‍ പട്ടിക ഉള്‍പ്പടെയുള്ള രേഖകളില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടതെന്നും റാം മാധവ് പറഞ്ഞു.
ഇവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ഉറപ്പ് വരുത്തണമെന്നും 1985 ല്‍ ഒപ്പ് വച്ച് അസം എക്കോഡ് പ്രകാരമാണ് പട്ടിക തയ്യാറാക്കുന്നതെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഒരു രാജ്യവും അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കില്ല എന്നാല്‍ ഇന്ത്യ ഇന്നൊരു ധര്‍മ്മശാലയായി (സത്രം) മാറിയിരിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത് തുടരില്ലെന്നും റാം മാധവ് പറഞ്ഞു.
“അസമില്‍ നിന്ന് പുറത്താക്കുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ അഭയം തേടാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുവാനുള്ള രേഖയാണ്. എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പാക്കണം. അവസാന പട്ടികയില്‍ പേര് വരാത്ത യഥാര്‍ഥ പൗരന്മാര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള അവസരം ലഭിക്കും”. സര്‍ബാനന്ദ സൊനോവല്‍ വ്യക്തമാക്കി.
സുപ്രിം കോടതിയുടെ നിരീക്ഷണത്തില്‍ തയ്യാറാക്കുന്ന പൗരത്വ പട്ടികയില്‍ നിന്ന് അസമിലെ 40 ലക്ഷം പേരെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു.