ഗുവാഹത്തി: വിവാഹ സൽക്കാരങ്ങൾക്കും ബി.ജെ.പിയുടെ പ്രചരണത്തിനും പോകുവാൻ ഹെലികോപ്റ്ററുകൾക്കും ചാർട്ടേഡ് ഫ്ളൈറ്റുകൾക്കുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോടിക്കണക്കിന് രൂപയുടെ സർക്കാർ ഫണ്ട് ഉപയോഗിച്ചതായി വിവരാവകാശ റിപ്പോർട്ട്.
ഗുവാഹത്തിയിലെ ന്യൂസ് പോർട്ടലായ ദി ക്രോസ്കറന്റ് 2022 ഓഗസ്റ്റിൽ ഫയൽ ചെയ്ത വിവരാവകാശത്തിനുള്ള മറുപടിയിലാണ് വിവരങ്ങൾ പുറത്തുവന്നത്.
ഗുരുതരമായ തെരഞ്ഞെടുപ്പ് മാതൃകാ ചട്ട ലംഘനമാണിത്. ജനങ്ങളുടെ നികുതിപ്പണം പാർട്ടി ആവശ്യങ്ങൾക്കും സ്വകാര്യ പരിപാടികൾക്കും വിനിയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്.
ചാർട്ടേഡ് ഫ്ളൈറ്റുകൾക്കായി സർക്കാർ പണം ചെലവഴിച്ചത് സർക്കാർ പരിപാടികൾക്ക് വേണ്ടിയാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ശർമ സർക്കാർ നിയമസഭയിൽ അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങളാണ് ഇപ്പോൾ പൊളിയുന്നത്.
തുടക്കത്തിൽ വിവരാവകാശ അപേക്ഷയോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന പൊതുഭരണ വകുപ്പ്, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷന്റെ നിർദേശത്തെ തുടർന്ന് 2023 സെപ്റ്റംബറിൽ ഭാഗികമായി വിവരങ്ങൾ ലഭ്യമാക്കിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു.
പാർട്ടി പ്രചരണത്തിനായി ഹിമന്ത ബിശ്വ ശർമ അഞ്ച് തവണയെങ്കിലും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്ററുകളിൽ യാത്ര ചെയ്തുവെന്ന് വിവരാവകാശത്തിൽ വെളിപ്പെട്ടു.
സംസ്ഥാനത്തിന് പുറത്തുള്ള പ്രചരണത്തിനും അസം മുഖ്യമന്ത്രി സർക്കാർ ഫണ്ട് വിനിയോഗിച്ചതായി വെളിപ്പെട്ടുവെന്ന് ദി വയർ ചൂണ്ടിക്കാട്ടി.
നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫു റിയോയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ നാഗാലാൻഡിലേക്ക് യാത്ര ചെയ്യാൻ 14,0,562 രൂപയാണ് ഖജനാവിൽ നിന്ന് ശർമ ചെലവഴിച്ചത്.
2021 സെപ്റ്റംബറിനും 2023 ജനുവരിക്കുമിടയിൽ ഏഴ് തവണ ബി.ജെ.പി യോഗങ്ങളിൽ പങ്കെടുക്കാൻ സർക്കാർ ചെലവിൽ ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ഉപയോഗിച്ചു എന്നും വിവരാവകാശ റിപ്പോർട്ടിൽ പറയുന്നു.
CONTENT HIGHLIGHT: Assam CM Himanta Biswa Sarma Spent Public Money to Charter Flights for BJP Activity and Weddings: RTI