| Saturday, 25th September 2021, 11:03 am

അസം മുഖ്യമന്ത്രി വംശഹത്യയുടെ കുപ്രസിദ്ധിയില്‍; 2015 വരെ കോണ്‍ഗ്രസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അസമില്‍ പൊലീസുകാരും ഗ്രാമവാസികളായ നാട്ടുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലും തുടര്‍ന്നുണ്ടായ പൊലീസ് നടത്തിയ അക്രമസംഭവങ്ങളും ദേശീയ അന്തര്‍ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. സംഭവത്തില്‍ രണ്ട് പ്രദേശവാസികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

30 വയസുകാരനായ മൊയ്‌നുല്‍ ഹഖും 12 വയസുള്ള ഒരു കുട്ടിയുമാണ് കുടിയൊഴിപ്പിക്കല്‍ ശ്രമങ്ങളെത്തുടര്‍ന്നുണ്ടായ പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. കൈയേറ്റമൊഴിപ്പിക്കാന്‍ സ്ഥലത്തെത്തിയ പൊലീസിന്റെ സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

വ്യാഴാഴ്ചയായിരുന്നു അസമിലെ ധറാംഗിലെ സിപാജറില്‍ കുടിയൊഴിപ്പിക്കാന്‍ എത്തിയ പൊലീസുകാര്‍ക്ക് എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്. 800 ഓളം പേരാണ് അസമിലെ ധറാംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.

എന്നാല്‍ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ച് ആ ഭൂമി യുവജനങ്ങള്‍ക്ക് കൃഷിക്കും മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി നല്‍കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ ഒഴിപ്പിക്കല്‍ പ്രക്രിയയെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ അറിയിച്ചു. ഗ്രാമവാസികള്‍ ഇപ്പോള്‍ താമസിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

”പൊലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. എനിക്ക് ലഭിച്ച വിവരമനുസരിച്ച് അവിടത്തെ ഗ്രാമവാസികള്‍ പൊലീസിനെ ഇങ്ങോട്ട് ആക്രമിക്കുകയായിരുന്നു. ഒഴിപ്പിക്കല്‍ നാളെയും തുടരും,” എന്നായിരുന്നു സംഘര്‍ഷത്തിന് പിന്നാലെ മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിച്ച് പ്രതികരിച്ചത്.

ഗ്രാമവാസികളില്‍ ഭൂരിഭാഗം പേരും മുസ്‌ലിം സമുദായത്തില്‍ നിന്നായത് കൊണ്ട് തന്നെ സര്‍ക്കാരും മുഖമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും ന്യൂനപക്ഷ വേട്ടയും വംശഹത്യയും നടത്തുകയാണെന്നാണ് വിമര്‍ശനം.

യു.പി.എ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയും ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവാുമായിരുന്ന ഹിമന്ദ ബിശ്വ ശര്‍മ 2015ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. അന്നത്തെ അസമിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നായിരുന്നു രാജി.

തുടര്‍ന്ന് 2016ലെ അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച് സര്‍ബാനന്ദ സോനോവാള്‍ മന്ത്രിസഭയില്‍ അംഗമായി. 2021ലെ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിസ്ഥാനം ലഭിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Assam CM Himanta Biswa Sarma speak in support of police action

We use cookies to give you the best possible experience. Learn more