| Friday, 17th March 2023, 3:42 pm

മോദിയെ തള്ളി രാഹുല്‍ പ്രധാനമന്ത്രിയാകും എന്ന് വിശ്വസിക്കുന്നവരോട് സഹതാപമുണ്ട്: ഹിമന്ത ബിശ്വ ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തള്ളി രാഹുല്‍ ഗാന്ധി അധികാരത്തില്‍ വരുമെന്ന് വിശ്വസിക്കുന്നവരോട് സഹതാപം തോന്നുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ ജയ്‌റാം രമേശ് രാഹുല്‍ ഗാന്ധിയെ തിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുള്ള ബിശ്വ ശര്‍മയുടെ പരാമര്‍ശം.

‘എനിക്ക് മറ്റൊന്നും തോന്നുന്നില്ല പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തള്ളി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിക്കുന്ന ഇടതുപക്ഷക്കാരോടും മതേതരവാദികളോടും സഹതാപമുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

മൈക്ക് ഓണാക്കി വെച്ച് രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കുന്നതിലൂടെ ജയ്‌റാം രമേശ് മുഖ്യ അട്ടിമറിക്കാരനായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ താന്‍ പാര്‍ലമെന്റ് അംഗമായി പോയി എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിരുന്ന ജയ്‌റാം രമേശ് നിര്‍ഭാഗ്യവശാല്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്നും പരിഹാസങ്ങള്‍ക്ക് ഇടയാക്കുമെന്നും രാഹുല്‍ ഗാന്ധിക്ക് പറഞ്ഞുകൊടുത്തു.

സ്വകാര്യമായി പറഞ്ഞതാണെങ്കിലും മൈക്ക് ഒണായിരുന്നതിനാല്‍ ജയ്‌റാം രമേശിന്റെ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായി. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

അതേസമയം നെഹ്‌റു കുടുംബത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ കെ.സി വേണുഗോപാല്‍ എം.പി നടപടിയാവശ്യപ്പെട്ടിട്ടുണ്ട്.

മോദിക്കെതിരെ പ്രത്യേകാവകാശ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ രാജ്യസഭ ചെയര്‍മാന് കത്തെഴുതി.

നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ പോലും നെഹ്‌റുവിന്റെ കുടുംബപ്പേര് ഉപയോഗിക്കുന്നില്ലെന്നും അത് പറയാന്‍ നാണക്കേട് എന്തിനാണെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

Content Highlight: Assam CM Himanta Biswa sarma slams rahul gandhi

We use cookies to give you the best possible experience. Learn more