| Tuesday, 23rd January 2024, 3:22 pm

രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡി.ജി.പിയോട് നിർദേശിച്ച് അസം മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഹാവത്തി: രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡി.ജി.പിയോട് നിർദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്ന് ആരോപിച്ചാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരം മേഘാലയയിലെ ഒരു സ്വകാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കാൻ അദ്ദേഹത്തെ അനുവദിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

എന്നാൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്ന് പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. വ്യാഴാഴ്ച സംസ്ഥാനത്ത് പ്രവേശിച്ചതു മുതൽ തങ്ങളുടെ കാൽനട ജാഥയെ തടസപ്പെടുത്താൻ അസം സർക്കാർ ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്കിടയിലാണ് പൊലീസ് നീക്കം.

രാഹുൽ ഗാന്ധി ഉൾപ്പെടുന്ന 5,000 ത്തോളം കോൺഗ്രസ് പ്രവർത്തകർ ഗുവാഹത്തിയിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടയാൻ ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് കാരണമായത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തടയാനായി ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് സംഘർഷത്തിന്റെ വീഡിയൊ എക്‌സിൽ പങ്കുവെച്ചിരുന്നു. അതിന് മറുപടിയായായാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ ഡി.ജി.പിയോട് നിർദേശിച്ചിട്ടുണെന്ന് ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചത്.

മണിപ്പൂരിൽ നിന്ന് തുടങ്ങി മുംബൈ വരെയുള്ള ഭാരത് ജോഡോ ന്യായ് യാത്ര മേഘാലയയിൽ നിന്ന് അസമിലേക്ക് പ്രവേശിച്ചു. ജനുവരി 22 വരെ യാത്ര അസമിൽ തുടരും.

Content Highlight : Assam CM Himanta Biswa Sarma instructs DGP to register case against Rahul Gandhi

We use cookies to give you the best possible experience. Learn more